സിവിൽ വിമാനങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണം: ഐസിഎഒ യോഗത്തിൽ ശക്തമായ പ്രതിഷേധവുമായി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) 237-ാമത് സെഷനിൽ ഇറാന്റെ നിയമവിരുദ്ധമായ ആക്രമണങ്ങൾക്കെതിരെ ബഹ്‌റൈൻ കടുത്ത നിലപാട് സ്വീകരിച്ചു. സിവിൽ വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഷിക്കാഗോ കൺവെൻഷന്റെയും നഗ്നമായ ലംഘനമാണെന്ന് ബഹ്‌റൈൻ ഗതാഗത വാർത്താവിനിമയ മന്ത്രാലയം അണ്ടർസെക്രട്ടറി ഹുസൈൻ അഹമ്മദ് അൽ ഷുഐൽ വ്യക്തമാക്കി.
ജി.സി.സി രാജ്യങ്ങളെയും ജോർദാനെയും ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങൾ രാജ്യാന്തര വ്യോമഗതാഗതത്തെ തടസ്സപ്പെടുത്തുന്നതായും വിമാനങ്ങൾ വഴിതിരിച്ചുവിടാൻ രാജ്യങ്ങളെ നിർബന്ധിതരാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഒൻപത് അറബ് രാജ്യങ്ങൾ സംയുക്തമായി സമർപ്പിച്ച പ്രമേയത്തെത്തുടർന്ന്, ആക്രമണങ്ങളെ അപലപിച്ചുകൊണ്ടുള്ള പ്രമേയം ഐസിഎഒ കൗൺസിൽ അംഗീകരിച്ചു.
ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കൗൺസിൽ, വിഷയം തുടർന്നുള്ള നിരീക്ഷണത്തിനായി ഐക്യരാഷ്ട്രസഭയുടെ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി. സിവിൽ വ്യോമയാന മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നത് ആഗോളതലത്തിലുള്ള കൂട്ടായ ഉത്തരവാദിത്തമാണെന്നും ഇതിനായി അന്താരാഷ്ട്ര സഹകരണം ശക്തമാക്കണമെന്നും ബഹ്‌റൈൻ യോഗത്തിൽ ആഹ്വാനം ചെയ്തു.
dgdfggd
