ഇന്തോനേഷ്യയിൽ ശക്തമായ ഭൂകമ്പം; തീരങ്ങളിൽ സുനാമി തിരമാലകൾ, ഒരാൾ മരിച്ചു
ശാരിക I അന്തർദേശീയം
ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ വ്യാഴാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് സമുദ്രനിരപ്പിൽ 75 സെന്റിമീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ രേഖപ്പെടുത്തി. ഇന്തോനേഷ്യൻ സമയം രാവിലെ മൊലുക്ക കടലിലാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.
ഭൂകമ്പം നടന്ന് അരമണിക്കൂറിനുള്ളിൽ വടക്കൻ സുലവേസിയിലെ നോർത്ത് മിനഹാസയിൽ 75 സെന്റിമീറ്ററും ബിറ്റംഗിൽ 20 സെന്റിമീറ്ററും ഉയരമുള്ള തിരമാലകൾ അടിച്ചതായി ഇന്തോനേഷ്യൻ ജിയോളജിക്കൽ ഏജൻസി (BMKG) അറിയിച്ചു. വടക്കൻ മലുകു പ്രവിശ്യയിൽ 30 സെന്റിമീറ്റർ വരെ ഉയരമുള്ള തിരമാലകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം രണ്ട് മണിക്കൂറിന് ശേഷം സുനാമി ഭീഷണി ഒഴിഞ്ഞതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി.
ഭൂകമ്പത്തെത്തുടർന്ന് വടക്കൻ സുലവേസിയിലെ മനാഡോ നഗരത്തിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചതായി റിപ്പോർട്ടുണ്ട്. ഒരു മിനിറ്റിലധികം നീണ്ടുനിന്ന അതിശക്തമായ കുലുക്കമാണ് അനുഭവപ്പെട്ടതെന്നും പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്ന് തെരുവുകളിലേക്ക് ഓടിയിറങ്ങിയെന്നും പ്രദേശവാസികൾ പറഞ്ഞു. പ്രധാന ഭൂകമ്പത്തിന് പിന്നാലെ മേഖലയിൽ 11 പ്രകമ്പനങ്ങളാണ് (aftershocks) രേഖപ്പെടുത്തിയത്. ഇതിൽ ഏറ്റവും ശക്തമായത് റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി. ജപ്പാൻ തീരങ്ങളിൽ കടൽനിരപ്പിൽ നേരിയ മാറ്റങ്ങൾ ഉണ്ടായേക്കാമെങ്കിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
dffdsdfsfds
