മുന്നണി മാറ്റമില്ല, എൽ.ഡി.എഫിൽ ഉറച്ചുനിൽക്കും; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ജോസ് കെ. മാണി
ഷീബ വിജയൻ
കോട്ടയം: കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. പാർട്ടി എൽ.ഡി.എഫിൽ തന്നെ തുടരുമെന്നും ഇക്കാര്യത്തിൽ നേരത്തെ തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുന്നണി മാറ്റത്തെക്കുറിച്ച് യാതൊരുവിധ ചർച്ചകളും പാർട്ടി തലത്തിൽ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസ് (എം) എവിടെ നിൽക്കുന്നുവോ അവിടെയായിരിക്കും ഭരണം എന്ന് അവകാശപ്പെട്ട ജോസ് കെ. മാണി, താൻ നിലപാടുകളിൽ മാറ്റം വരുത്തുന്ന ആളല്ലെന്നും വ്യക്തമാക്കി. ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റൻ സ്ഥാനത്ത് താൻ തന്നെയായിരിക്കും ഉണ്ടാകുക. കഴിഞ്ഞ ദിവസങ്ങളിൽ ചില വ്യക്തിപരമായ ആവശ്യങ്ങൾ ഉണ്ടായിരുന്നതിനാലാണ് എൽ.ഡി.എഫ് യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയാഞ്ഞത്. എന്നാൽ യോഗങ്ങളിൽ പാർട്ടിയുടെ മറ്റ് പ്രതിനിധികൾ കൃത്യമായി പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങളെയും അദ്ദേഹം തള്ളി. താനും മന്ത്രി റോഷി അഗസ്റ്റിനും തമ്മിൽ യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ലെന്നും പാർട്ടി എല്ലാ കാര്യങ്ങളിലും ഒറ്റക്കെട്ടാണെന്നും ജോസ് കെ. മാണി പറഞ്ഞു. മാധ്യമങ്ങൾ അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
dfsdfsdfsdfs

