കൊല്ലം പ്രവാസി അസോസിയേഷൻ 'എഡ്യൂക്കേഷൻ എക്സലൻസ്' അവാർഡുകൾ സമ്മാനിച്ചു
പ്രദീപ് പുറവങ്കര / മനാമ
കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) ബഹ്‌റൈൻ അംഗങ്ങളുടെ മക്കളിൽ 10, 12 ക്ലാസ്സുകളിൽ മികച്ച വിജയം കൈവരിച്ചവർക്കായി ഏർപ്പെടുത്തിയ 'എഡ്യൂക്കേഷൻ എക്സലൻസ് 2025' അവാർഡുകൾ വിതരണം ചെയ്തു. ബഹ്‌റൈനിലും കേരളത്തിലുമായി പഠിച്ച 32 വിദ്യാർത്ഥികളാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായത്.
ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി. ബാബുരാജൻ അവാർഡ് ദാനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പളനിസ്വാമി, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥൻ മേനോൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ബഹ്‌റൈനിൽ പഠിച്ച കുട്ടികൾ നേരിട്ടും നാട്ടിൽ പഠിച്ചവരുടെ രക്ഷിതാക്കളും വിശിഷ്ടാതിഥികളിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി.
കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും ട്രഷറർ മനോജ് ജമാൽ നന്ദിയും രേഖപ്പെടുത്തി. അവാർഡ് കമ്മിറ്റി കൺവീനർ അനിൽ കുമാർ ആമുഖ പ്രസംഗം നടത്തി. ഭാരവാഹികളായ കോയിവിള മുഹമ്മദ്, റെജീഷ് പട്ടാഴി, കൃഷ്ണകുമാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചിൽഡ്രൻസ് പാർലമെന്റ് അംഗങ്ങളായ നിവേദ്യ വിനോദ്, ജെസീക്ക പ്രിൻസ് എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. അവാർഡ് കമ്മിറ്റി അംഗങ്ങളും ചിൽഡ്രൻസ് വിങ്, പ്രവാശ്രീ കോർഡിനേറ്റർമാരും പരിപാടിക്ക് നേതൃത്വം നൽകി.
dfgg

