തുമ്പമണ്ണിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു; ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു
പ്രദീപ് പുറവങ്കര / മനാമ
പത്തനംതിട്ട ജില്ലയിലെ തുമ്പമൺ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ‘തുമ്പക്കുടം’ ബഹ്‌റൈൻ-സൗദി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പും മെഡിക്കൽ പരിശോധനയും നടത്തി. തുമ്പമൺ സെന്റ് മേരീസ് ഭദ്രാസന ദേവാലയത്തിലെ വലിയ പെരുന്നാളിനോട് അനുബന്ധിച്ച് തുമ്പമൺ എം.ജി യു.പി സ്കൂളിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.
ആന്റോ ആന്റണി എം.പി മെഡിക്കൽ ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. നേത്ര ചികിത്സയ്ക്കും തിമിര രോഗനിർണ്ണയത്തിനും പുറമെ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയവയ്ക്കുള്ള സൗജന്യ പരിശോധനകളും ക്യാമ്പിന്റെ ഭാഗമായി നടന്നു.
ഇടവക വികാരി ഫാദർ ജിജി സാമുവൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹവികാരി ഫാദർ ലിജിൻ എബ്രഹാം സ്വാഗതം ആശംസിച്ചു. തുമ്പമൺ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രുതി, ഫാദർ കോശി ജോർജ് ചിറയത്ത്, ഫാദർ അജിൻ, ഫാദർ ജോഷ്വാ, ഇടവക സെക്രട്ടറി സാംകുട്ടി പി.ജി എന്നിവർ ആശംസകൾ നേർന്നു.
വിവിധ സാമൂഹിക-സാംസ്കാരിക നേതാക്കൾ ക്യാമ്പ് സന്ദർശിച്ചു. സ്കൂളിലെ എൻ.എസ്.എസ്, ജെ.ആർ.സി, എസ്.പി.സി കേഡറ്റുകൾ ക്യാമ്പിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ സജീവമായി പങ്കെടുത്തു. തുമ്പമൺ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ-സൗദി ചാപ്റ്ററിന് വേണ്ടി റെന്നി അലക്സ് നന്ദി രേഖപ്പെടുത്തി.
asdsd

