ഒ. സദാശിവൻ കോഴിക്കോട് മേയറാവും; ഡോ. ജയശ്രീ ഡെപ്യൂട്ടി മേയർ
ഷീബ വിജയ൯
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ്റെ പുതിയ മേയറായി തടമ്പാട്ടുതാഴം വാർഡിൽ നിന്ന് വിജയിച്ച ഒ. സദാശിവനെ തിരഞ്ഞെടുത്തു. നിലവിൽ സി.പി.എം. കൗൺസിൽ പാർട്ടി ലീഡറും വേങ്ങേരി ഏരിയ കമ്മിറ്റി അംഗവുമാണ് സദാശിവൻ. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് നിലവിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയായ ഡോ. ജയശ്രീയെയും പാർട്ടി നിശ്ചയിച്ചു. ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകും.
രണ്ട് തവണ കൗൺസിലറായിട്ടുള്ള സദാശിവൻ്റെ ഭരണപരമായ പരിചയസമ്പന്നതയാണ് അദ്ദേഹത്തെ മേയർ സ്ഥാനത്തേക്ക് എത്തിച്ചത്. ഇത്തവണ യു.ഡി.എഫ്. സീറ്റുകളുടെ എണ്ണം വർധിപ്പിച്ച സാഹചര്യത്തിൽ, മുൻപത്തെപ്പോലെ എല്ലാ സ്റ്റാന്റിങ് കമ്മിറ്റികളും എൽ.ഡി.എഫിന് ലഭിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഡിസംബർ 26-നാണ് കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി പുതിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നടക്കും.
അതേസമയം, മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ്. സ്വന്തം സ്ഥാനാർത്ഥികളെ നിർത്തി മത്സരിക്കുമെന്ന് എം.കെ. രാഘവൻ എം.പി. അറിയിച്ചു. ബി.ജെ.പിയുടെ പിന്തുണ തേടില്ലെന്നും യു.ഡി.എഫ്. ഒറ്റയ്ക്ക് പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ മുന്നണിയിൽ പുരോഗമിക്കുകയാണ്.
ADSDSASAD
