ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി.എസ്. പ്രശാന്തിനെ മാറ്റും; എ. സമ്പത്ത് പരിഗണനയിൽ
ശാരിക
തിരുവനന്തപുരം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്തിനെ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനത്തിലാണ് സർക്കാർ. പ്രശാന്തിന്റെ കാലാവധി നീട്ടിക്കൊടുക്കേണ്ടതില്ലെന്ന് സിപിഎം നേതൃത്വം തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. മുൻ എം.പി. എ. സമ്പത്തിനെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും സൂചനയുണ്ട്.
കെ. രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പിഎയായിരുന്നു എ. സമ്പത്ത്. ദേവസ്വം ബോർഡിലെ സിപിഐ പ്രതിനിധിയായി വിളപ്പിൽ രാധാകൃഷ്ണനെ പരിഗണിക്കുന്നതായും അറിയുന്നു. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമാണ് അദ്ദേഹം.
അടുത്ത മന്ത്രിസഭാ യോഗത്തിൽ പുതിയ ഭരണസമിതിയെ അന്തിമമായി നിശ്ചയിക്കും. നിലവിലെ ഭരണസമിതിയുടെ അവസാന യോഗം നവംബർ 11ന് ചേരും.
സ്വർണപ്പാളി വിവാദം അടക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിലവിലെ ഭരണസമിതിക്ക് തുടർഭരണം നൽകേണ്ടതില്ലെന്ന തീരുമാനം. നേരത്തെ സർക്കാർ ഓർഡിനൻസ് ഇറക്കി ഭരണസമിതിയുടെ കാലാവധി ഒരു വർഷം കൂടി നീട്ടാനായിരുന്നു ആലോചന. എന്നാൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ഭരണസമിതിയേയും പ്രതിഭാഗത്താക്കി കാണിച്ചതിനെത്തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യവും ഇതിന് കാരണമായി.
ഇന്നലെ ശബരിമല സ്വർണക്കൊള്ളക്കേസ് പരിഗണനയിൽ വന്നപ്പോൾ ഹൈക്കോടതി ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. 2025 ജൂലൈ 28 വരെ ഉള്ള മിനിറ്റുകൾ ക്രമരഹിതമാണെന്ന് കോടതി കണ്ടെത്തി. ദ്വാരപാലകപ്പാളി അളവെടുക്കൽ സമയത്ത് രേഖാമൂലം അനുമതി നൽകാതെ നടപടികൾ നടന്നതായും കോടതി നിരീക്ഷിച്ചു. ദേവസ്വം ഉദ്യോഗസ്ഥരും പോറ്റിയുമായുള്ള ഇടപാടുകൾ സംശയകരമാണ്. വിശ്വാസ്യതയില്ലാത്ത വ്യക്തിയെ എന്തിന് വിശ്വസിച്ചു എന്നും ഹൈക്കോടതി ആരാഞ്ഞു.
കൂടാതെ, ദേവസ്വം ഉദ്യോഗസ്ഥർ ചെന്നൈയിൽ പോറ്റിയുടെ ആതിഥ്യം സ്വീകരിച്ചോയെന്ന് അന്വേഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതിൽ ദേവസ്വം മാനുവലും ഹൈക്കോടതി ഉത്തരവും ബോർഡ് അധികൃതർ ബോധപൂർവ്വം ലംഘിച്ചുവെന്ന് കോടതി കണ്ടെത്തി.
്േെ്േി
