പമ്പാവാസൻ നായർക്ക് പ്രവാസി ഭാരതീയ എക്സലൻസ് പുരസ്കാരം
പ്രദീപ് പുറവങ്കര
മനാമ: ഡോ. മംഗളം സ്വാമിനാഥൻ പ്രവാസി ഭാരതീയ എക്സലൻസ് പുരസ്കാരം അമദ് ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പമ്പാവാസൻ നായർക്ക് ലഭിച്ചു. പ്രവാസലോകത്തെ സമഗ്ര സംഭാവനകളും ജീവകാരുണ്യ പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഈ അംഗീകാരം.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പമ്പാവാസൻ നായർ കഴിഞ്ഞ 33 വർഷമായി പ്രവാസലോകത്ത് സജീവമാണ്. ബഹ്‌റൈനിലും സൗദിയിലും ഓട്ടോമേറ്റഡ് സ്വിച്ച് ഗിയർ ഫാക്ടറികൾ സ്ഥാപിച്ച ആദ്യ പ്രവാസി എന്ന പ്രത്യേകതയുമുണ്ട്. സമഗ്രവും മനുഷ്യത്വപരവുമായ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഡൽഹി ആസ്ഥാനമായുള്ള ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ഈ ബഹുമതി നൽകുന്നത്. രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ സമഗ്ര സംഭാവന നൽകിയ പ്രതിഭകളെ ആദരിക്കുന്ന ഈ പുരസ്കാരം സാമൂഹിക പ്രവർത്തനം, കല-സാംസ്കാരികം, ശാസ്ത്രം, മാധ്യമപ്രവർത്തനം, വൈദ്യശാസ്ത്രം എന്നീ അഞ്ച് മേഖലകളിലും പ്രവാസലോകത്തെ സംഭാവനകൾക്കായുള്ള രണ്ട് പ്രത്യേക പുരസ്കാരങ്ങളായും നൽകുന്നു. ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാർഡ്. എല്ലാ വർഷവും നവംബർ 29-ന് രാജ്യതലസ്ഥാനത്ത് വെച്ചാണ് പുരസ്‌കാരദാന ചടങ്ങ് നടക്കുന്നത്.
വീടില്ലാത്തവർക്ക് വീട്, കുട്ടികൾക്ക് വിദ്യാഭ്യാസം, ചികിത്സാ സഹായം, വിവാഹ സഹായം എന്നിവ നൽകി നിരവധി കുടുംബങ്ങൾക്ക് അദ്ദേഹം സഹായം നൽകുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2024 ഓഗസ്റ്റിൽ ആരംഭിച്ച “എ ഹോം ഓഫ് യുവർ ഓൺ’’ ഭവന പദ്ധതിയിലൂടെ അഞ്ച് വർഷത്തിനുള്ളിൽ 50 വീടുകൾ നിർമ്മിക്കാനാണ് ലക്ഷ്യം. ഇതിനോടകം 20 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി അർഹർക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ, ദുരിതമനുഭവിക്കുന്ന നൂറിൽപരം കുടുംബങ്ങൾക്ക് സി.എം.എൻ ട്രസ്റ്റ് വഴി പ്രതിമാസ പെൻഷനും അദ്ദേഹം നൽകുന്നുണ്ട്.
szdfsdf
