ബഹ്റൈൻ ഇലക്ട്രിസിറ്റി, ജല വകുപ്പ് മുൻ മന്ത്രി അബ്ദുല്ല ബിൻ മുഹമ്മദ് ജുമാ അന്തരിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ ഇലക്ട്രിസിറ്റി, ജല വകുപ്പ് മുൻ മന്ത്രി അബ്ദുല്ല ബിൻ മുഹമ്മദ് ജുമാ അന്തരിച്ചു.
ഗുദേബിയ ഈസ്റ്റേൺ പ്രൈമറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം 1966-ൽ കോളേജ് പഠനത്തിനായി യു.കെയിലേക്ക് പോയി ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. പിന്നീട് 1970-ൽ വൈദ്യുതി മന്ത്രാലയത്തിന്റെ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ ഡിപ്പാർട്ട്‌മെന്റിൽ എഞ്ചിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് വൈദ്യുതി വകുപ്പിലെ ഡിസ്ട്രിബ്യൂഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറായും, 1980-കളിൽ ഇലക്ട്രിസിറ്റി ഡയറക്ടറായും, 1990-കളുടെ തുടക്കത്തിൽ ഇലക്ട്രിസിറ്റി കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ടിച്ചു.
1995-ൽ ഇലക്ട്രിസിറ്റി, ജല വകുപ്പ് മന്ത്രിയായി നിയമിതനായ ജുമാ, സിത്ര, റിഫ, ഹിദ്ദ് എന്നിവിടങ്ങളിലെ വൈദ്യുതി ഉത്പാദന നിലയങ്ങളുടെ വിപുലീകരണ പദ്ധതികൾക്ക് മേൽനോട്ടം വഹിച്ചു. 1999-ൽ മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം അദ്ദേഹം ശൂറാ കൗൺസിലിൽ നിയമിതനായി. 2002 വരെ അദ്ദേഹം അവിടെ സേവനമനുഷ്ഠിച്ചു. പിന്നീട് സ്വകാര്യ മേഖലയിലേക്ക് തിരിയുകയും, ഒരു കമ്പനി സ്ഥാപിക്കുകയും അടിസ്ഥാന സൗകര്യങ്ങളിലും ദേശീയ വളർച്ചയിലും താൽപ്പര്യം തുടർന്ന് റിയൽ എസ്റ്റേറ്റ് പദ്ധതികൾ വികസിപ്പിക്കുകയും ചെയ്തു.
ബഹ്‌റൈന്റെ ആധുനിക വൈദ്യുതി, ജല സംവിധാനത്തിന്റെ ശിൽപ്പികളിൽ ഒരാളായാണ് അദ്ദേഹത്തെ രാജ്യം ഓർക്കുന്നത്.
sdfs
