കുവൈറ്റിൽ 3 വര്‍ഷത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടവർ 3,71,000 പേര്‍
കുവൈറ്റ് സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 3,71,000 വിദേശികള്‍ തൊഴില്‍ വിപണി വിട്ടു. 2018ല്‍ 28,91,255 ഉണ്ടായിരുന്നത് 2021 അവസാനത്തില്‍ 25,20,301 ആയി കുറഞ്ഞു. 3,71,000 വിദേശികള്‍ തൊഴില്‍ വിപണിയില്‍ നിന്ന് സ്ഥിരമായി പുറത്തുപോയി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2018ല്‍ 1,07,657 ഉണ്ടായിരുന്നത് 96,800 ആയാണ് കുറഞ്ഞത്. ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ ഏകദേശം 1,15,700 പേരുടെ കുറവുണ്ടായതായി സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നു. കോവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായതും നാട്ടില്‍ പോയവര്‍ക്ക് ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ തിരിച്ചുവരാന്‍ കഴിയാത്തതും സ്വദേശിവത്കരണ നടപടികളുമാണ് രാജ്യത്ത് വിദേശികളുടെ എണ്ണം കുറക്കുന്നത്. ജീവിതച്ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്യുന്നത് വിദേശ തൊഴിലാളികളെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ പുതിയ തൊഴില്‍ വിസ അനുവദിക്കുന്നില്ല. നിലവിലുള്ളവര്‍ കുറഞ്ഞുകൊണ്ടേയിരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കൂടുതല്‍ ഉണ്ടാവുക കുവൈത്തിലാണെന്നാണ് ഓക്സ്ഫോഡ് ഇക്കണോമിസ്റ്റ് ഫൗണ്ടേഷന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

