വിയ്യൂർ സെൻട്രൽ ജയിലിൽ ഡ്രോൺ സുരക്ഷാ സംവിധാനത്തിന് തുടക്കം
ശാരിക
വിയ്യൂർ: ജയിൽസുരക്ഷയിൽ സാങ്കേതിക വിപ്ലവത്തിന് തുടക്കംകുറിച്ച് വിയ്യൂർ സെൻട്രൽ ജയിലിൽ ഡ്രോൺ സംവിധാനത്തിന്റെ ട്രയൽ റൺ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്തു. കേരള പ്രിസൺസ് ആൻഡ് കറക്ഷനൽ സർവീസസ് ഡയറക്ടർ ജനറൽ എസ്. ശ്രീജിത്ത്, മധ്യമേഖല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസ് എസ്. സജീവ് എന്നിവരും മുതിർന്ന ജയിൽ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രവർത്തനരീതി, സുരക്ഷാ സാധ്യതകൾ, അടിയന്തര സാഹചര്യങ്ങളിലെ പ്രയോജനം എന്നിവയുടെ വിശദമായ അവതരണവും തത്സമയ പ്രദർശനവും നടന്നു. 139 ഏക്കർ വിസ്തൃതിയുള്ള വിയ്യൂർ ജയിൽ കോംപ്ലക്സിൽ സെൻട്രൽ പ്രിസൺ, ഹൈ സെക്യൂരിറ്റി പ്രിസൺ, വനിതാ ജയിൽ, ജില്ലാ ജയിൽ, സബ് ജയിൽ എന്നിവ പ്രവർത്തിക്കുന്നുണ്ട്.
നിലവിൽ 1700 മുതൽ 2000 വരെ തടവുകാരെ പാർപ്പിക്കുന്ന ഈ കോംപ്ലക്സിന്റെ ചില ഭാഗങ്ങളിൽ ചുറ്റുമതിലുകളുടെ അഭാവം, മരങ്ങൾ നിറഞ്ഞ ഭൂപ്രകൃതി, ജീവനക്കാരുടെ പരിമിതമായ എണ്ണം എന്നിവ സുരക്ഷാ നിരീക്ഷണത്തിന് വെല്ലുവിളികൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഡ്രോൺ സംവിധാനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത്. മനുഷ്യവിഭവശേഷിക്കൊപ്പം ആധുനിക സാങ്കേതിക സംവിധാനങ്ങൾ സംയോജിപ്പിക്കുന്നതിലൂടെ ജയിൽ സുരക്ഷയും അച്ചടക്കവും കൂടുതൽ കാര്യക്ഷമമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
എഐ അധിഷ്ഠിത സിസിടിവി വിശകലന സംവിധാനവും പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചു. സംശയാസ്പദമായ ചലനങ്ങൾ വേഗത്തിൽ തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പു നൽകാൻ കഴിയുന്ന സാങ്കേതികവിദ്യയുടെ സാധ്യതകളും പരിപാടിയിൽ വിശദീകരിച്ചു. ഭാവിയിൽ സംസ്ഥാനത്തെ മറ്റു ജയിലുകളിലും സമാന സാങ്കേതിക സംവിധാനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് ജയിൽ വകുപ്പ് അറിയിച്ചു.

