കുവൈത്തിൽ നിലവിലുള്ള മന്ത്രിസഭയുടെ രാജി സ്വീകരിച്ച് അമീർ
കുവൈത്ത് സിറ്റി: കുവൈത്തിൽ പതിനാറാമത് പാർലമെന്റ് ആദ്യ സെഷൻ ഡിസംബർ 15 ന് അമീർ ഷേയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് ഉദ്ഘാടനം ചെയ്യും. അതേസമയം നിലവിലുള്ള മന്ത്രിസഭയുടെ രാജി അമീർ സ്വീകരിച്ചു. പുതിയ പാർലമെന്റ് അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചു. അമീർ ഷേയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് രാജി സ്വീകരിക്കുകയും പുതിയ മന്ത്രിസഭ നിലവിൽവരുന്നത് വരെ കെയർ ടേക്കർ ആയി തുടരാൻ ഷേയ്ഖ് സബാഹ് ഖാലിദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ അമീർ ചുമതലപ്പെടുത്തുകയും ചെയ്തു.
പുതിയ പ്രധാനമന്ത്രിയായി ഷേയ്ഖ് സബാഹ് ഖാലിദ് അസ്സബാഹിനെ തന്നെ വീണ്ടും അമീർ ഷേയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് നാമ നിർദേശം ചെയ്യുമെന്നും പുതിയ മന്ത്രിസഭയിൽ നിലവിലെ മന്ത്രിമാരിൽ വലിയൊരു വിഭാഗം വീണ്ടും നിയമിക്കപ്പെടുമെന്നുമാണ് ലഭിക്കുന്ന സൂചനകൾ.

