സ്വപ്നയുടെ രഹസ്യ മൊഴിയിലുള്ളത് മൂന്ന് മന്ത്രിമാരും ഒരു ഉന്നതനും


തിരുവനന്തപുരം : സ്വർണക്കടത്തിൽ സ്വപ്നയുടെ രഹസ്യമൊഴിയുടെ വിശദാംശങ്ങൾ പുറത്തു വന്നാൽ സർക്കാർ കൂടുതൽ പ്രതിരോധത്തിലാകും. മൂന്ന് മന്ത്രിമാരുടെയും ഭരണഘടനാ പദവി വഹിക്കുന്ന ഒരു ഉന്നതന്റെയും പേരുകൾ സ്വപ്ന കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു. രഹസ്യമൊഴിയെടുപ്പ് പൂർത്തിയായാലുടൻ മന്ത്രിമാരെയും ഈ ഉന്നതനെയും കസ്റ്റംസും ഇഡിയും ചോദ്യം ചെയ്യും.

സ്വർണക്കടത്തിൽ സ്വപ്നയും സരിതും പിടിയിലായ ശേഷം നടത്തിയ ചോദ്യം ചെയ്യലുകളിൽത്തന്നെ ഇതിന് പിന്നിലെ ഉന്നത ബന്ധത്തെക്കുറിച്ച് അന്വഷണ സംഘത്തിന്ന് വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നു. എന്നാൽ കസ്റ്റംസിലെ സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥർ നേരിട്ട് ഇടപെട്ടാണ് അന്വേഷണം അട്ടിമറിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വഷണം ആരംഭിച്ചതോടെ വീണ്ടും ഈ ഉന്നതർക്കെതിരായ തെളിവുകൾ കണ്ടെത്തുകയായിരുന്നു. ശാസ്ത്രീയ തെളിവുകൾ കൂടി ലഭിച്ചതോടെ കസ്റ്റംസ് വീണ്ടും സ്വപ്നയെ ചോദ്യം ചെയ്തു. ഇതിൽ നിന്നാണ് മൂന്ന് മന്ത്രിമാർക്ക് സ്വർണക്കടത്തിലും ഡോളർകടത്തിലുമുള്ള പങ്ക് സ്വപ്നയും സരിത്തും വ്യക്തമാക്കിയത്.

ഇതിനൊപ്പം ഭരണഘടനാ പദവി വഹിക്കുന്ന മറ്റൊരു ഉന്നതന്റെയും പങ്കിനെക്കുറിച്ച് സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഉന്നതന് സ്വർണക്കടത്ത് പ്രതികളുമായി അടുത്ത ബന്ധം സൂചിപ്പിക്കുന്ന തെളിവുകളും പുറത്ത് വന്നിരുന്നു. സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴിയെടുക്കുന്നത് പൂർത്തിയായാലുടൻ മന്ത്രിമാരെയും ഈ ഉന്നതനെയും കസ്റ്റംസ് ചോദ്യം ചെയ്യും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇവരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. കൃത്യമായ മറുപടി നൽകാനായില്ലെങ്കിൽ ഇവരെക്കൂടി പ്രതി ചേർക്കാനാണ് അന്വഷണ സംഘം ആലോചിക്കുന്നത്. നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വർണക്കടത്തിൽ മന്ത്രിമാരുടെ പങ്ക് പുറത്ത് വരുന്നത് സർക്കാരിനെയും സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed