കുവൈത്തിൽ സാന്പത്തിക പ്രതിസന്ധി രൂക്ഷം: ഒക്ടോബറിന് ശേഷം ശന്പളം നൽകാൻ പോലും പണമില്ലെന്ന് ധനമന്ത്രി
കുവൈത്ത് സിറ്റി: കുവൈത്തിൽ സാന്പത്തിക പ്രതിസന്ധി രൂക്ഷം. ഒക്ടോബറിന് ശേഷം രാജ്യത്തെ സർക്കാർ മേഖലകളിലെ ശന്പളം നൽകാനുള്ള പണം തികയില്ലെന്നും ധനമന്ത്രി ബറാക് അൽ ശീതൻ പാർലമെന്റിനെ അറിയിച്ചു. ഏകദേശം 200 കോടി ദിനാർ മാത്രമാണ് കുവൈത്ത് ഖജനാവിൽ അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിമാസം 170 കോടി ദിനാർ എന്ന നിരക്കിലാണ് ജനറൽ റിസർവ് ഫണ്ടിൽ നിന്ന് സർക്കാർ പിൻവലിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ എണ്ണവില ഉയരുകയോ പ്രാദേശിക, അന്താരാഷ്ട്ര വിപണികളിൽ നിന്ന് വായ്പ വാങ്ങുകയോ ചെയ്തില്ലെങ്കിൽ ഖജനാവിൽ അവശേഷിക്കുന്ന പണം കൂടി ഇല്ലാതാകുമെന്നും ധനമന്ത്രി അറിയിച്ചതായാണ് റിപ്പോർട്ട്.
കൊവിഡ് വ്യാപനവും എണ്ണവിലയിലെ ഇടിവും മൂലം ഗൾഫ് രാജ്യങ്ങളിലെ സന്പദ് വ്യവസ്ഥ തകർച്ചയിലാണ്. നിലവിലെ പ്രതിസന്ധി കുവൈത്തിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. വായ്പയെടുക്കുന്നത് സംബന്ധിച്ച നിയമം ഫിനാൻസ് പാനലിന് വിട്ടുകൊടുക്കാനും അവർ പഠിച്ച ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും പാർലമെന്റ് ബുധനാഴ്ച തീരുമാനമെടുത്തു.
അതേസമയം ഈ നിയമം 2017ൽ നടപ്പാക്കിയിരുന്നെങ്കിൽ നിലവിലെ സ്ഥിതിയിൽ രാജ്യം എത്തിപ്പെടില്ലായിരുന്നെന്ന് ധനമന്ത്രി പാർലമെന്‍റിൽ നിയമനിർമ്മാതാക്കളോടായി പറഞ്ഞതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏകദേശം 20 ബില്യൺ ദിനാർ വായ്പയായി വാങ്ങുന്നതിന് പാർലമെന്റ് അനുമതിക്കായി കാത്തിരിക്കുകയാണ്. സർക്കാർ സാന്പത്തിക പ്രതിസന്ധി നേടിരുന്നതിനാൽ ഭാവി തലമുറയ്ക്കായി മാറ്റി വെക്കുന്ന ഫണ്ടിലേക്കുള്ള 10 ശതമാനം വരുമാനം താൽക്കാലികമായി നിർത്തിവെക്കാനുള്ള ബില്ലിന് നിയമനിർമ്മാതാക്കൾ അനുമതി നൽകിയിട്ടുണ്ട്. ലോകത്തിലെ നാലാമത്തെ വലിയ ധനനിക്ഷേപമായ കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയാണ് ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത്.
വായ്പാ ബില്ലിന് പാർലമെന്റ് അംഗീകാരം നൽകിയില്ലെങ്കിൽ ഇപ്പോഴത്തെ നിയമനിർമ്മാണ സഭയുടെ കാലാവധി അവസാനിക്കുന്പോൾ ഉത്തരവിലൂടെ നിയമം പ്രാബല്യത്തിൽ വരുത്തുകയെന്ന മാർഗമാണ് സർക്കാരിന് മുന്പിലുള്ളത്.

