കൊറോണ വാക്സിൻ പരീക്ഷണത്തിന് തയ്യാറായി കൂടുതൽ മലയാളികൾ; ബിഡികെ പ്രവർത്തകരും സന്നദ്ധസേവനവുമായി മുന്നിൽ
മനാമ :ബഹ്റൈനിൽ ആരംഭിച്ച വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമാകാൻ നിരവധി മലയാളികാണ് മുന്പോട്ട് വരുന്നത്. നേരത്തേ തന്നെ രക്തദാനം, പ്ലാസ്മാ ദാനം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ബഹ്റൈനിലെ ബ്ലഡ് ഡോണേർസ് കേരള പ്രവർത്തകർ വാക്സിൻ പരീക്ഷണത്തിലും പങ്കാളികളാകുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ദിവസം ബിഡികെയടെ സജീവ അംഗം പ്രവീഷ് പ്രസന്നൻ ട്രയൽ ഡോസ് സ്വീകരിച്ചു. തത്പരരായ മറ്റുള്ളവർക്ക് വാക്സിൻ സ്വീകരിക്കുന്നത് സംബംന്ധിച്ചുള്ള പൂർണ്ണ വിവരങ്ങളും മാർഗ നിർദേശങ്ങളും ബഹ്‌റൈൻ ബി. ഡി. കെ. നൽകുന്നുണ്ട്. കോവിഡ് പോസറ്റിവ് ആയവർ രോഗം മാറിയ ശേഷം പ്ലാസ്മ ഡൊണേഷൻ നൽകുന്ന ബി. ഡി. എഫ് ഹോസ്പിറ്റൽ രക്തബാങ്ക് പദ്ധതിയിൽ മുപ്പതോളം ബി.ഡി. കെ അംഗങ്ങൾ പങ്കെടുത്തു കോവിഡ് പ്ലാസ്മ ദാനത്തിൽ പങ്കാളികൾ ആയതായും ഭാരവാഹികൾ അറിയിച്ചു. ഇതോടൊപ്പം സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, കിംഗ് ഹമ്മദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ബി.ഡി. എഫ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ബ്ലഡ് ബാങ്കുകളിൽ ആവശ്യാനുസരണം രക്തം എത്തിക്കുവാനും, രക്തദാന ക്യാന്പ് സംഘടിപ്പിക്കുവാനും ബി.ഡി. കെ. ബഹ്‌റൈൻ ചാപ്റ്റർ മുൻപന്തിയിൽ ഉണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 33015579, 39125828, 39842451 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

