ആഗസ്റ്റ് 31ന് ശേഷം പ്രവാസികളുടെ വിസാ കാലാവധി സ്വമേധയാ നീട്ടി നൽകില്ലെന്ന് കുവൈത്ത്


കുവൈത്ത് സിറ്റി: ആഗസ്റ്റ് 31ന് ശേഷം പ്രവാസികളുടെ വിസാ കാലാവധി സ്വമേധയാ നീട്ടി നൽകാൻ പദ്ധതിയില്ലെന്ന് കുവൈത്ത്. കൊവിഡ് പ്രതിസന്ധി കാരണം വിമാനത്താവളങ്ങൾ അടച്ചിട്ടിരുന്നതിനാൽ എല്ലാത്തരം വിസകളുടെയും കാലാവധി നേരത്തെ ദീർഘിപ്പിച്ച് നൽകിയിരുന്നു.

4.05 ലക്ഷത്തോളം പ്രവാസികളുടെ വിസാ കാലാവധിയാണ് ഈ മാസം അവസാനം വരെ സ്വമേധയാ ദീർഘിപ്പിച്ച് നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ‍ സൂചിപ്പിക്കുന്നു. ഇതിന്റെ പ്രയോജനം ലഭിക്കുന്നതിനായി ഈ മാസം അവസാനിക്കുന്നതിന് മുന്പ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രവേശിച്ച് വിസാ കാലാവധി പുതുക്കണം. അല്ലാത്തപക്ഷം നിയമലംഘകരായി കണക്കാക്കി പിഴ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കും.

അതേസമയം സന്ദർശക, കുടുംബ, വാണിജ്യ വിസകളിൽ രാജ്യത്തെത്തിയ ഒരു ലക്ഷത്തോളം പേരുണ്ടെന്നാണ് റിപ്പോർ‍ട്ട്. ഇവർ ഈ മാസം അവസാനത്തോടെ രാജ്യം വിടണം. ഇവരുടെ വിസാ കാലാവധി നീട്ടി നൽകാനോ ഗ്രേസ് പീരിഡ് അനുവദിക്കാനോ നിലവിൽ പദ്ധതികളൊന്നുമില്ല. സമയപരിധി ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതിന് പുറമെ പിന്നീട് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്യും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed