റവ. സജി എബ്രാഹാമിനു യാത്ര അയപ്പ് നല്കി
കുവൈറ്റ് സിറ്റി : സെന്റ്തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവക വികാരി റവ. സജി എബ്രാഹാമിനും കുടുംബത്തിനും ഏപ്രിൽ 13 നു എൻ. ഇ. സി. കെ. ചർച്ച് ആൻഡ് പാരിഷ് ഹാളിൽ വച്ച് വൈകിട്ട് 6.45 ന് യാത്ര അയപ്പു നല്കി.
വെള്ളിയാഴ്ച വൈകിട്ട് ആരാധനക്കുശേഷം ആയിരുന്നു യാത്ര അയപ്പുയോഗം ക്രമീകരിച്ചിരുന്നത്. ഇടവക വൈസ് പ്രസിഡന്റ് ജോർജ്ജ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എ. ജി. ചെറിയാൻ സ്വാഗതവും ട്രഷാർ റെജു ഡാനിയേൽ നന്ദിയും പ്രകാശിപ്പിച്ചു. ഇടവക വൈസ് പ്രസിഡന്റ് ജർജ്ജ് വർഗീസ്, അക്കൗണ്ടന്റ് ബിജു സാമുവേൽ എന്നിവർ ഇടവകക്കുവേണ്ടി ഉപഹാരങ്ങൾ നല്കി ആദരിച്ചു.
തോമസ്. എം. ജോൺ, ബോണി. കെ. എബ്രഹാം, ലെനി തോമസ്, ബോബി ചെറിയാൻ, എബ്രഹാം മാത്യു, ജോർജ്ജ് ചെറിയാൻ, പ്രഫ. തോമസ് വർഗീസ്, മാത്യു ജോർജ്ജ്, ഒ. ജി. മാത്യു ഇടിക്കുള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സഭയുമായി ചേർന്നു വിവിധ കാരുണ്യ പ്രവർത്തനങ്ങളെ ഏവരും പ്രത്യേകം പ്രശംസിച്ചു. തുടർന്നു റവ.സജി എബ്രാഹാമും സഹധർമണി സിന്ധു സജിയും കുവൈറ്റ് ഇടവക നല്കിയ എല്ലാ സ്നേഹത്തിനും കരുതലിനായും നന്ദി കരേറ്റി. ഇടവകയുടെ ക്വയർ ഗാനശുശ്രൂഷക്കു നേതൃത്വം നല്കി.
ജോൺ തോമസിന്റെ പ്രാർത്ഥനയോടെ യോഗം പര്യവസാനിച്ചു. റവ. സജി എബ്രഹാം കഴിഞ്ഞ മൂന്നു വർഷമായി കുടുംബമായി കുവൈറ്റിൽ താമസിച്ചു ഇടവക വികാരിയായി ആത്മീയ ശുശ്രൂഷകൾ ചെയ്തു വരികയായിരുന്നു. കൂടാതെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ കെ. ഇ. സി. എഫ് ന്റെ 2016-17 ൽ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.



