നഴ്സ് നി­യമനം : നോ­ർ­ക്കയും-കു­വൈ­ത്ത് ആരോ­ഗ്യ മന്ത്രാ­ലയവും ചർ­ച്ച നടത്തി­


കുവൈത്ത് സിറ്റി : കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ച് നോർക്ക പ്രതിനിധികൾ ആരോഗ്യമന്ത്രാലയം അധികൃതരുമായി പ്രാഥമിക ചർച്ച നടത്തി. ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യവിഭാഗം അസി.അണ്ടർസെക്രട്ടറി ഡോ.മാജിദ അൽ ഖത്താൻ, ആരോഗ്യമന്ത്രാലയം നഴ്സിങ് ഡയറക്ടർ വദാ അൽ ഹുസൈൻ എന്നിവരുമായാണു ചർച്ച നടത്തിയത്. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി (ലേബർ) യു‌‌‌‌‌‌‌‌‌‌‌‌‌‌‌‌.എസ്. സിബി, ലേബർ അറ്റാഷെ അനിത ചത്‌പലിവാർ, നോർക്ക ഡയറക്ടർ എൻ.അജിത് കുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ചർച്ച ആശാവഹമാണെന്ന് നോർക്ക റിക്രൂട്മെന്റ് മാനേജർ അജിത് കാളാശേരി അറിയിച്ചു. 

മന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിൽ നഴ്സുമാർക്ക് ഒട്ടേറെ അവസരങ്ങളുണ്ടെന്ന് കുവൈത്ത് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക ചർച്ചയ്ക്കുശേഷം നോർക്ക പ്രതിനിധി ഇന്ത്യൻ സ്ഥാനപതി കെ. ജീവസാഗറുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യമന്ത്രാലയത്തിലേക്ക് നേരിട്ടുള്ള റിക്രൂട്മെന്റിന് ഇന്ത്യ−കുവൈത്ത് സർക്കാരുകൾ തമ്മിൽ നേരിട്ടുള്ള ചർച്ച ആവശ്യമായിവരും. ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ ആരോഗ്യമന്ത്രാലയം അണ്ടർസെക്രട്ടറി തലത്തിൽ ചർച്ച തുടരും. തുടർന്ന് റിക്രൂട്മെന്റ് പുനരാരംഭിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.

സ്വകാര്യ ഏജൻസികൾ മുഖേനയുള്ള റിക്രൂട്മെന്റിനു ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതായി പരാതി ഉയർന്നതോടെയാണ് ഇന്ത്യയിൽനിന്നുള്ള നിയമനം അവതാളത്തിലായത്. സ്വകാര്യ ഏജൻസി വഴിയുള്ള റിക്രൂട്മെന്റ് അവസാനിപ്പിച്ച കേന്ദ്ര സർക്കാർ നോർക്ക, ഒഡെപെക് തുടങ്ങി സർക്കാർ ഏജൻസികൾ മുഖേന മാത്രമാകണം നിയമനങ്ങളെന്ന് നിഷ്കർഷിച്ചെങ്കിലും അതു പ്രാവർത്തികമായില്ല. നോർക്ക, തെലങ്കാന ഓവർസീസ് മാൻ‌‌പവർ കന്പനി എന്നിവ വഴി നടത്താനിരുന്ന റിക്രൂട്മെന്റ് ക്രമക്കേട് ആരോപിക്കപ്പെട്ടതിനെ തുടർന്ന് റദ്ദാക്കുകയും ചെയ്‌തു. 

കേന്ദ്ര സർക്കാരിന്റെ ഇ−മൈഗ്രേറ്റ് സംവിധാനത്തിൽ റജിസ്റ്റർ ചെയ്യുന്ന ഏത് ഏജൻസിക്കും റിക്രൂട്മെന്റ് ആകാമെന്നതാണു നിലവിലുള്ള സ്ഥിതി. ഈ സാഹചര്യത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള റിക്രൂട്മെന്റ് ഏറ്റെടുക്കാനുള്ള ശ്രമമാണ് നോർക്ക നടത്തുന്നത്. ഇതിന്റെ ഭാഗമായാണു ചർച്ച നടത്തിയത്.

ശ്രമം വിജയിക്കുകയാണെങ്കിൽ കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് വലിയ സാന്പത്തിക ബാധ്യത കൂടാതെ തൊഴിൽ ലഭ്യമാകും. 20,000 രൂപ വരെ സേവന നിരക്കായി വാങ്ങാവുന്നിടത്ത് 22 ലക്ഷവും അതിലേറെയും നൽകേണ്ടി വന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. നോർക്ക വഴി റിക്രൂട്മെന്റ് സാധ്യമായാൽ സർവ്വീസ് ചാർജ് മാത്രം നൽകിയാൽ മതിയാകും. നോർക്കയിൽ രജിസ്റ്റർ ചെയ്‌ത ഉദ്യോഗാർഥികളുടെ പട്ടികയിൽ നിന്നാകും റിക്രൂട്മെന്റ്. 2016നു ശേഷം കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് ഇന്ത്യയിൽനിന്ന് നഴ്സിംങ് നിയമനം നടന്നിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed