വിദേശികളുടെ ആരോഗ്യ ഇൻഷുറൻസിന് പുതിയ സംവിധാനം രണ്ട് മാസത്തിനകം
കുവൈത്ത് സിറ്റി : വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് ശേഖരിക്കുന്നതിനുള്ള പുതിയ സംവിധാനം രണ്ടു മാസത്തിനകം പ്രഖ്യാപിക്കും. സ്വകാര്യ ഇൻഷുറൻസ് കന്പനിയാണ് ഇപ്പോൾ ഇൻഷുറൻസ് തുക സ്വീകരിക്കുന്നത്. 50 ദിനാറാണ് പ്രതിവർഷ പ്രീമിയം. പുതിയ സംവിധാനം അനുസരിച്ച് ആഭ്യന്തരമന്ത്രാലയം നേരിട്ടോ ഇൻഷുറൻസ് ആശുപത്രികൾ മുഖേനയോ തുക ശേഖരിക്കുന്നതിനെക്കുറിച്ചാണ് ആലോചന എന്നാണു സൂചന. ഇൻഷുറൻസ് തുക 130 ദിനാർ ആക്കി വർദ്ധിപ്പിക്കുമെന്നും നേരത്തേ വാർത്തയുണ്ടായിരുന്നു.
അതേസമയം, ചികിത്സാ പിഴവുമായി ബന്ധപ്പെട്ടു നഷ്ടപരിഹാരത്തിനുള്ള ഇൻഷുറൻസ് പദ്ധതിയിൽ കുവൈത്ത് മെഡിക്കൽ അസോസിയേഷനും തകാഫുൽ ഇൻഷുറൻസ് കന്പനിയും കരാർ ഒപ്പുവച്ചു. പ്രതിവർഷം 75 ദിനാർ പ്രീമിയം ആണു കരാർപ്രകാരം അടയ്ക്കേണ്ടതെന്ന് മെഡിക്കൽ അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ഖനൈഇ അറിയിച്ചു.
ഡോക്ടർമാരുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനാണ് ഇൻഷുറൻസ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സാ പിഴവിന്റെ പേരിൽ ഡോക്ടർമാർ പ്രതിസന്ധി നേരിടേണ്ടിവരുന്ന പശ്ചാത്തലത്തിലുള്ള ഇൻഷുറൻസ് പദ്ധതിയിൽ രാജ്യത്തെ പൊതു – സ്വകാര്യ മേഖലയിലെ മുഴുവൻ ഡോക്ടർമാരെയും ഉൾപ്പെടുത്തും.
ആരോഗ്യസേവനം മെച്ചപ്പെടുത്തുന്നതിനും പദ്ധതി പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഇൻഷുറൻസ് പദ്ധതി സംബന്ധിച്ചു മുഴുവൻ ആശുപത്രികളിലും ഡോക്ടർമാർക്കിടയിൽ ബോധവൽക്കരണം നടത്തും. കുവൈത്ത് മെഡിക്കൽ അസോസിയേഷനിലെയും ഹെൽത്ത് ഡയറക്ടറേറ്റിലെയും പ്രതിനിധികളുടെ സഹകരണത്തോടെ അഞ്ചാഴ്ചത്തെ ബോധവൽക്കരണ പരിപാടി ആസൂത്രണം ചെയ്‌തിട്ടുണ്ട്. ഇൻഷുറൻസ് പദ്ധതി സംബന്ധിച്ചു കുവൈത്ത് മെഡിക്കൽ അസോസിയേഷൻ വെബ്സൈറ്റ് (www.kma.org.kw) വഴി വിവരം അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

