കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി : രാജ്യത്ത് സുരക്ഷാ പരിശോധന ശക്തമാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 22ന് പൊതുമാപ്പ് കാലാവധി അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഈ നടപടി. അനധികൃത താമസക്കാർക്ക് രാജ്യം വിടുന്നതിനും പിഴയടച്ച് താമസ രേഖ നിയമ വിധേയമാക്കുന്നതിനും അവസരം നല്കി കൊണ്ട് കഴിഞ്ഞ ജനുവരി 22 നാണു രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്.
എന്നാൽ, 1,51,000 വരുന്ന അനധികൃത താമസക്കാരിൽ ആകെ 51500 പേരാണു ഇതുവരെ അവസരം പ്രയോജനപ്പെടുത്തിയത് എന്നാണു കണക്ക്. ഇവരിൽ 32,000 പേര് രാജ്യം വിടുകയും 19500 പേര് പിഴയടച്ചു കൊണ്ട് താമസരേഖ നിയമ വിധേയമാക്കുകയും ചെയ്തു.
ഒരു കോടി ഇരുപത് ലക്ഷം ദിനാറാണു ഈ ഇനത്തിൽ സർക്കാരിനു പിഴയായി ലഭിച്ചത്. 30,000 ഇന്ത്യക്കാരാണു രാജ്യത്ത് അനധികൃത താമസക്കാരായി ഉണ്ടായിരുന്നത്. ഇവരിൽ പത്തായിരത്തി അഞ്ഞൂറു പേരാണു രാജ്യം വിടുന്നതിനു എംബസി വഴി ഔട്ട് പാസ് വാങ്ങിയത്. 2500 ഓളം പേർ സ്വന്തം പാസ്പോർട്ട് വഴി രാജ്യം വിടുകയും അയ്യാരിത്തോളം പേർ ഇതിനകം താമസ് രേഖ നിയമ വിധേയമാക്കുകയും ചെയ്തതായാണു എംബസി വൃത്തങ്ങളിൽ നിന്നും ലഭിരക്കുന്ന സൂചന.
അതേസമയം, പൊതുമാപ്പ് കാലാവധി കഴിയുന്ന മുറക്ക് രാജ്യത്ത് ശക്തമായ തിരച്ചിൽ ആരംഭിക്കുവാൻ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായാണു റിപ്പോർട്ട്. ഇതിനായി പഴുതടച്ചുള്ള പദ്ധതികളാണു ആഭ്യന്തര മന്ത്രാലയം ആസൂത്രണം ചെയ്യുന്നത് എന്ന് ഉന്നത മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.

