കുവൈത്തും ഫിലിപ്പീൻസും തൊഴിൽ കരാറിൽ ഒപ്പുവെയ്ക്കും
കുവൈത്ത് സിറ്റി : കുവൈത്തും ഫിലിപ്പീൻസും തമ്മിൽ തൊഴിൽ കരാറിൽ ഒപ്പുവയ്ക്കുമെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ല അറിയിച്ചു. ഗാർഹികത്തൊഴിലാളികളായ ഫിലിപ്പീൻസ് വനിതകൾ കുവൈത്തിൽ വധിക്കപ്പെട്ടതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. കുവൈത്തിലേക്ക് ആളുകളെ അയയ്ക്കുന്നത് നിർത്തുമെന്ന് ഫിലിപ്പീൻസ് പ്രസിഡണ്ട് മുന്നറിയിപ്പ് നൽകിയതിനുശേഷവും ഫിലിപ്പീൻസുകാരിയുടെ മൃതദേഹം അടച്ചിട്ട വീട്ടിലെ ഫ്രീസറിൽ കാണപ്പെട്ടതു പ്രശ്നം രൂക്ഷമാക്കി. തുടർന്നു കുവൈത്തിൽ തൊഴിൽ തേടി പോകുന്നവർക്ക് ഫിലിപ്പീൻസ് നിരോധനം ഏർപ്പെടുത്തുകയും ചെയ്‌തു.
ഫിലിപ്പീൻസും കുവൈത്തും തമ്മിലുള്ള പ്രശ്നം വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ല ഇന്നലെ പാർലമെന്റിന്റെ വിദേശകാര്യ സമിതിയിൽ വിശദീകരിച്ചു. അമീറിന്റെ ക്ഷണം സ്വീകരിച്ചു ഫിലിപ്പീൻസ് പ്രസിഡണ്ട് റോഡ്രിഗൊ ഡുട്ടെർട്ട് മാർച്ചിൽ കുവൈത്ത് സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. തൊഴിൽ കരാറിന്റെ കരട് ഫിലിപ്പീൻസ് നൽകിയിട്ടുണ്ട്. കുവൈത്തിലെ ബന്ധപ്പെട്ട അധികൃതർ അത് അവലോകനം ചെയ്‌തിട്ടുമുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ കരാറിൽ ഒപ്പുവയ്ക്കും. പ്രശ്നപരിഹാരത്തിന് ഇരു രാജ്യങ്ങളിലെയും സ്ഥാനപതിമാർ മുഖേന രണ്ട് സർക്കാരുകളും പരിശ്രമിച്ചുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

