ബഹ്‌റൈൻ നാഷണൽ അസംബ്ലിയുടെ അഞ്ചാമത് സെഷൻ ഇന്ന് ആരംഭിക്കും;ബജറ്റും കോർപ്പറേറ്റ് ടാക്സും പ്രധാന ചർച്ചയാകും
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ ശൂറാ കൗൺസിലിന്റെയും കൗൺസിൽ ഓഫ് റെപ്രസെന്റേറ്റീവ്സിന്റെയും ആറാം ലെജിസ്ലേറ്റീവ് ടേമിന്റെ അഞ്ചാമത് സെഷൻ ഇന്ന് മുതൽ ഔദ്യോഗികമായി ആരംഭിക്കും. നിയമനിർമ്മാണ ചർച്ചകളും പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പും അടങ്ങിയ തിരക്കേറിയ അജണ്ടയാണ് അംഗങ്ങളെ കാത്തിരിക്കുന്നത്.2027–2028 വർഷത്തെ ബജറ്റും പുതിയ കോർപ്പറേറ്റ് ടാക്സുമാണ് ഈ സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇരുസഭകളുടെയും പ്രവർത്തന നയം ബഹ്റൈൻ രാജാവ് പ്രഖ്യാപിക്കും. തീർപ്പുകൽപ്പിക്കാനുള്ള നിരവധി കരട് നിയമങ്ങളും ഉത്തരവുകളും ഇത്തവണത്തെ സെഷനിലുണ്ടാകും. സാമ്പത്തിക രംഗത്തെ വെല്ലുവിളികളും പ്രാദേശിക സാഹചര്യങ്ങളും മുൻനിർത്തിയുള്ള ചർച്ചകളാണ് പാർലമെന്റിൽ പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുന്നതിനൊപ്പം സാധാരണക്കാരായ പൗരന്മാരെ അധിക സാമ്പത്തിക ഭാരങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാകും ബജറ്റും ചെറുകിട വ്യവസായ നിയമങ്ങളും വിലയിരുത്തുക. വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയിൽ മുഖ്യ ഇടം പിടിക്കും. സ്വദേശികൾക്കായുള്ള ഭവന നിർമ്മാണവും തൊഴിലവസരങ്ങളും അജണ്ടയിലെ മറ്റ് പ്രധാന വിഷയങ്ങളാണ്.
#BahrainParliament #ShuraCouncil #StateBudget #4PMNews
bfdfdf

