ഇത്ര വലിയ ഭീരുവിനെ രാജ്യം കണ്ടിട്ടില്ല ; മോദിക്കെതിരെ തുറന്നടിച്ച് അഭിജീത് ദീപ്കെ
ഷീബ വിജയൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത ദീപ്കെ. മോദി ഇന്ത്യയ്ക്ക് നാണക്കേടാണെന്നും ഇത്രയും വലിയ ഭീരുവിനെയും ഗുണ്ടയെയും രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കസ്റ്റഡിയിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയുള്ള ആദ്യ പ്രതികരണത്തിലാണ് പ്രധാനമന്ത്രിക്കെതിരെ ദീപ്കെ കടുത്ത വിമർശനം ഉന്നയിച്ചത്.
ഡൽഹി പൊലിസിന്‍റെ നടപടിക്കെതിരെ യൂട്യൂബർ ധ്രുവ് റാഠിയും രംഗത്തെത്തി. കസ്റ്റഡിയിൽനിന്ന് മോചിതനായശേഷം പുതിയ വീഡിയോ പങ്കുവെച്ചാണ് അദ്ദേഹം പ്രതികരിച്ചത്. തനിക്കെതിരായ നടപടി തട്ടിക്കൊണ്ടുപോകലിന് സമാനമാണെന്ന് ധ്രുവ് റാഠി ആരോപിച്ചു. ഇന്ത്യൻ പൗരനല്ലെന്ന ആരോപണത്തിനും അദ്ദേഹം മറുപടിനൽകി. ഇന്ത്യൻ പാസ്‌പോർട്ട് ഉയർത്തിക്കാട്ടിയായിരുന്നു പ്രതികരണം. തന്‍റെ ഫോൺ പിടിച്ചുവെച്ചെന്നും ആരുമായും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കിടപ്പുമുറിയിൽനിന്നാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും ധ്രുവ് റാഠി ആരോപിച്ചു.
അതേസമയം കരുതൽ തടങ്കലിലാക്കിയ സിജെപി നേതാക്കളായ അഭിജീത ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ ഡൽഹി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി മോചിപ്പിച്ചു. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ നേതാക്കൾക്ക് പൊതുസമാധാനം പാലിക്കുമെന്ന ഉറപ്പിന്മേലും 50,000 രൂപ വീതമുള്ള ജാമ്യവ്യവസ്ഥയിലുമാണ് മോചനം അനുവദിച്ചത്. കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ഉടൻതന്നെ മൂന്ന് സിജെപി നേതാക്കളെയും പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡി നടപടിക്കെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് വിമർശനം ഉയർന്നിരുന്നു.
zcddsds

