നെടുമ്പാശേരിയില്‍ മൂന്ന് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം
ഷീബ വിജയൻ
അങ്കമാലി: നെടുമ്പാശ്ശേരി അത്താണിക്കു സമീപം മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികളും യുവാവും മരിച്ചു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഇയ്യാസ് (21), വയനാട് കൽപറ്റ മടക്കിമല സന്തോഷ് ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (21), പാലക്കാട് മണ്ണാർക്കാട് എടക്കുറിശ്ശി നെല്ലാറ്റ കരിമ്പ മുള്ളങ്കുഴി വീട്ടിൽ എം.ആർ. പ്രദീപ് കുമാറിൻ്റെ മകൾ ഗോപിക (21) എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി. ഡ്രൈവർ സുഹൈൽ സജീവാണ് പിടിയിലായത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്.
നെടുമ്പാശ്ശേരി വി.ഐ.പി റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ബിരുദധാരികളായ മൂവരും പഠനത്തോടൊപ്പം കാക്കനാട് തൃക്കാക്കരയിലെ സുക്കോയോ സ്റ്റോറിൽ ജോലി ചെയ്യുകയായിരുന്നു. മൂവരും രാത്രി 11ന് ജോലി കഴിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമെത്തി ഭക്ഷണം കഴിച്ച ശേഷം അത്താണി ഭാഗത്തേക്ക് ഒരേ സ്കൂട്ടറിൽ മടങ്ങുമ്പോൾ പിന്നിൽ അമിത വേഗതയിൽ വന്ന ആഡംബര കാർ ഇടിക്കുകയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികരായ ഇവർ റോഡിന്റെ ഇരുവശത്തേക്കുമായി തെറിച്ച് തലയടിച്ചു വീണു. തൽക്ഷണം മരണം സംഭവിച്ചു. അപകടം കണ്ട് ഓടിയെത്തിയ യാത്രക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇയ്യാസിന്റെയും ദേവികയുടേയും മൃതദേഹം ചെങ്ങമനാട് ദേശം കുന്നുംപുറം സി.എ ആശുപത്രി മോർച്ചറിയിലേക്കും ഗോപികയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ഇയ്യാസിന്റെ മാതാവ്: റുക്കിയ. ഒരു സഹോദരിയുണ്ട്. ദേവികയുടെ മാതാവ്: സരിത. സഹോദരൻ: അപ്പു. ഗോപികയുടെ മാതാവ്: സജിത. സഹോദരങ്ങൾ: ദീപിക, അഭിജിത്ത്.
cxzcdxcxzcxz

