റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഭീകരാക്രമണം; 12 മരണം, 309 പേർക്ക് പരിക്ക്; ശക്തമായി അപലപിച്ച് ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി മിലീഷ്യ നടത്തിയ ഭീകരാക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൗദി സിവില്‍ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കൊല്ലപ്പെട്ടവരിൽ 4 പേർ സൗദി പൗരന്മാരും 8 പേർ വിദേശികളുമാണ്. രണ്ട് ബംഗ്ലാദേശ് പൗരന്മാരും യു.എസ്, ഈജിപ്ത്, അർജന്റീന, സിറിയ, ഫലസ്തീൻ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നത്.

ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. സുരക്ഷാ പരിശോധനകളും നാശനഷ്ടങ്ങളുടെ വിലയിരുത്തലും പൂർത്തിയാക്കിയ ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കുകയുള്ളൂ. ഇതിനിടെ, ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ഒരു പ്രൊജക്റ്റൈൽ പതിച്ചതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യക്തമാക്കി. സിവിലിയൻ ലക്ഷ്യങ്ങൾക്ക് നേരെ ഹൂതികൾ നടത്തുന്ന ഇത്തരം തുടർച്ചയായ ആക്രമണങ്ങൾ പ്രാദേശിക സുരക്ഷയ്ക്കും വ്യോമയാന മേഖലയ്ക്കും വലിയ ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാണിച്ചു.

സൗദി അറേബ്യയ്ക്ക് നേരെ ഇറാൻ പിന്തുണയുള്ള ഹൂതി മിലീഷ്യ നടത്തുന്ന നിരന്തരമായ ഭീകരാക്രമണങ്ങളെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. റിയാദ് വിമാനത്താവളത്തിന് നേരെയുള്ള പുതിയ ആക്രമണം വലിയൊരു പ്രകോപനമാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്നും, സാധാരണക്കാരായ യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയെ അപകടത്തിലാക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

article-image

adsasdadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed