പ്രഥമ 'മെയ്ഡ് ഇൻ ജി.സി.സി' ഫോറത്തിന് ബഹ്‌റൈനിൽ സമാപനം; മൂന്ന് ദിവസങ്ങളിലായി എത്തിയത് പതിനായിരത്തിലധികം പേർ
പ്രദീപ് പുറവങ്കര
മനാമ: എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ മൂന്ന് ദിവസങ്ങളിലായി നടന്ന പ്രഥമ 'മെയ്ഡ് ഇൻ ജി.സി.സി' ഫോറത്തിനും പ്രദർശനത്തിനും സമാപനമായി. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള പത്തിലേറെ വ്യവസായ പ്രമുഖരും നൂറ്റ ഇരുപതിലധികം പ്രദർശകരും പങ്കെടുത്ത മേളയിൽ പതിനായിരത്തഞ്ഞൂറിലധികം പേരാണ് രജിസ്റ്റർ ചെയ്ത് എത്തിയത്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഇരുപതിനായിരം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ നടന്ന മേളയിൽ എട്ട് പ്രധാന സെഷനുകളിലായി മുപ്പതിലധികം പ്രഭാഷകർ സംസാരിച്ചു. സ്മാർട്ട് ഫാക്ടറികൾ, സപ്ലൈ ചെയിൻ സുസ്ഥിരത, സംയുക്ത നിക്ഷേപങ്ങൾ, ഹരിത ഊർജ്ജം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായ സംഗമത്തിൽ ജി.സി.സി വ്യവസായ മന്ത്രിമാരും ജി.സി.സി സെക്രട്ടറി ജനറലും പങ്കെടുത്തിരുന്നു.
ഊർജ്ജ സംഭരണം, അലുമിനിയം, ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ, ഓട്ടോമോട്ടീവ്, ലോജിസ്റ്റിക്സ്, വ്യാവസായിക ധനകാര്യം തുടങ്ങിയ മേഖലകളിൽ പുതിയ കരാറുകളും പങ്കാളിത്തങ്ങളും രൂപീകരിക്കാൻ ഫോറത്തിന് സാധിച്ചു. ജി.സി.സി ഉൽപന്നങ്ങളുടെ കയറ്റുമതി വ്യാപിപ്പിക്കുന്നതിനും പുതിയ വിപണികൾ കണ്ടെത്തുന്നതിനുമുള്ള സുപ്രധാന പ്രഖ്യാപനങ്ങളും ഇതിനിടെയുണ്ടായി.
ജി.സി.സി വിപണികളും വ്യവസായങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാനും പങ്കാളിത്ത നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താനും പ്രഥമ മേളയ്ക്ക് സാധിച്ചതായി വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു വ്യക്തമാക്കി. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം ആഗോള വിപണിയിൽ മത്സരിക്കാൻ കഴിയുന്ന പരസ്പരബന്ധിതമായ വ്യാവസായിക ശൃംഖലകൾ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ടീം ബഹ്‌റൈൻ' കൂട്ടായ്മയുടെ വിജയമായാണ് മന്ത്രി ഈ സംരംഭത്തെ വിശേഷിപ്പിച്ചത്.
dsdsdsfds

