കുവൈത്തിൽ സർക്കാർ സർവ്‍വീസിലുള്ള വിദേശികളെ ഒഴിവാക്കാൻ നിർദ്ദേശം
കുവൈത്ത് സിറ്റി : സർക്കാർ സർവ്‍വീസിലുള്ള വിദേശികളെ ഒഴിവാക്കി പകരം സ്വദേശികൾക്ക് അവസരം നൽകുന്നതിന് സിവിൽ സർവ്‍വീസ് കമ്മീഷൻ നിർദ്ദേശം നൽകി. വിദേശികളെ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിനും അഞ്ചുവർഷത്തിനുള്ളിൽ സന്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനുമാണ് സിവിൽ സർവ്‍വീസ് കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദേശികളെ സർവ്‍വീസിൽ നിന്ന് ഒഴിവാക്കുന്ന നടപടി വിവിധ സർക്കാർ സ്ഥാപനങ്ങൾ നിർത്തിവെച്ചിരിക്കുന്നതായിട്ടാണ് സിവിൽ സർവ്‍വീസ് കമ്മീഷൻ കണ്ടെത്തിയിട്ടുള്ളത്. നിരന്തരമായി സിവിൽ സർവ്‍വീസ് കമ്മീഷൻ സർക്കാരിൽ നടത്തിവരുന്ന സമ്മർദ്ദത്തിന്റെ ഫലമായി അടുത്തിടെ വീണ്ടും വിദേശികളെ ഒഴിവാക്കുന്ന നടപടി ആരംഭിക്കുന്നതിന് സർക്കാർ സ്ഥാപനങ്ങൾ മുന്നോട്ടുവരുന്നു.
ചില പ്രത്യേകമേഖലകളിൽ ഡേറ്റാ പ്രോസസേഴ്‌സ്, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, എജ്യുക്കേഷണൽ സർവ്‍വീസ്, സെക്രട്ടറിമാർ, ടൈപ്പിസ്റ്റ്, ക്ലർക്ക്, ഓപ്പറേറ്റേഴ്‌സ്, സെക്യൂരിറ്റി, മീഡിയ, പബ്ലിക് റിലേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങിയ തസ്തികകൾ കുവൈത്ത് സ്വദേശികൾക്ക് മാത്രമായി നീക്കിവെക്കണമെന്നും സിവിൽ സർവ്‍വീസ് കമ്മീഷൻ ആവശ്യപ്പെട്ടു.
കൂടാതെ ഇത്തരത്തിൽ പ്രത്യേക തസ്തികയിൽ തൊഴിൽ ചെയ്യുന്ന വിദേശികളെ ഒഴിവാക്കുന്നതിനും പകരം സ്വദേശികൾക്ക് അവസരമൊരുക്കുന്നതിനും എല്ലാ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളും തയ്യാറാവണമെന്നും സിവിൽ സർവ്‍വീസ് കമ്മീഷൻ ആവശ്യപ്പെട്ടു.
നിലവിൽ വിദേശികൾ കൂടുതലായി തൊഴിൽ ചെയ്യുന്ന മേഖല കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ്. നഴ്‌സസ്, ഡോക്ടർമാർ, ടെക്‌നീഷ്യൻ, ലബോറട്ടറി അസിസ്റ്റന്റുകൾ തുടങ്ങി വിവിധതസ്തികകളിൽ വിദേശികൾ തൊഴിൽ ചെയ്യുന്നു.

