നൗക ബഹ്‌റൈൻ ലേഡീസ് വിങ്ങിന്റെ സൗജന്യ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
ഷീബ വിജയൻ
മനാമ: നൗക ബഹ്‌റൈൻ ലേഡീസ് വിങ് അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയ ശ്രദ്ധ പിടിച്ചുപറ്റി. മനാമ സെൻട്രലിലെ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ നിരവധി പ്രവാസികളാണ് പങ്കെടുത്തത്. പ്രവാസികളുടെ തിരക്കേറിയ ജീവിതസാഹചര്യങ്ങളിൽ ആരോഗ്യപരിപാലനത്തിനും കൃത്യമായ പരിശോധനകൾക്കും അർഹമായ പ്രാധാന്യം നൽകുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സംഘാടനം.
രക്തസമ്മർദ്ദം, ഓക്സിജൻ നില (SpO2), രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, കിഡ്നി, ലിവർ സ്ക്രീനിംഗ്, യൂറിക് ആസിഡ് തുടങ്ങിയ നിർണായക പരിശോധനകൾ സൗജന്യമായി ലഭ്യമാക്കി. കൂടാതെ വിറ്റാമിൻ ഡി, വിറ്റാമിൻ ബി12, തൈറോയ്ഡ് പരിശോധനകൾ പ്രത്യേക നിരക്കിലും നൽകി. പങ്കെടുത്തവർക്ക് രണ്ടു ആഴ്ചത്തേക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷനും ഒരുക്കിയിരുന്നു.
അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന സി.പി.ആർ (CPR) പരിശീലന ക്ലാസും ഇതിനൊപ്പം നടന്നു. സെഗയ അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റലിലെ സീനിയർ നഴ്‌സ് സുനിൽ കുമാർ ക്ലാസിന് നേതൃത്വം നൽകി. ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ സി.പി.ആർ നൽകേണ്ട രീതിയും പ്രാധാന്യവും വ്യക്തമാക്കുന്ന പ്രായോഗിക പരിശീലനവും ഇതിന്റെ ഭാഗമായി നൽകി.
ആർ.സി.എസ്.ഐ. മെഡിക്കൽ യൂണിവേഴ്സിറ്റി ഓഫ് ബഹ്‌റൈൻ ഹെഡ് ഓഫ് ലൈബ്രറി സർവീസസും കെ.എസ്.സി.എ ജനറൽ സെക്രട്ടറിയുമായ ബിന്ദു നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നൗക ബഹ്‌റൈൻ പ്രസിഡന്റ് അശ്വതി മിഥുൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സജിത്ത് വെള്ളികുളങ്ങര സ്വാഗതവും ട്രഷറർ അനീഷ് ടി.കെ. ആശംസാപ്രസംഗവും നടത്തി. അഞ്ജലി വിനീഷ് നന്ദി രേഖപ്പെടുത്തിയ ചടങ്ങ് സിനി ബിനുകുമാർ നിയന്ത്രിച്ചു. അശ്വതി മിഥുൻ, സിനി ബിനുകുമാർ, അഞ്ജലി വിനീഷ്, അപർണ അവിജിത്, ഉമ ജയരാജൻ എന്നിവരും അൽ ഹിലാൽ മെഡിക്കൽ സംഘവും ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
qsadsdsdsds

