പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മാർഗനിർദ്ദേശങ്ങളുമായി ഇന്ത്യൻ എംബസി
കുവൈത്ത് സിറ്റി : കുവൈത്തിലുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാർഗനിർദ്ദേശങ്ങളുമായി ഇന്ത്യൻ എംബസി. എമർജൻസി സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ, യാത്രാ വിലക്ക് നേരിടുന്നവർ, കാണാതായവരെ കണ്ടെത്തൽ, അശരണരായ രോഗികളെ നാട്ടിലെത്തിക്കൽ തുടങ്ങിയ പ്രശ്നങ്ങളുടെ പരിഹരത്തിനായാണ് ഇന്ത്യൻ എംബസി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഇന്ത്യക്കാരുടെ ഏതു പ്രശ്നത്തിലും നിയമാനുസൃതം ഇടപെടാൻ കമ്മ്യൂണിറ്റി വെൽഫെയർ വിംങ് സന്നദ്ധമാണെന്ന് എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.
പോലീസ് േസ്റ്റഷനുകൾ, തടവുകേന്ദ്രം, നാടുകടത്തൽ കേന്ദ്രം എന്നിവിടങ്ങളിൽ എംബസി ഉദ്യോഗസ്ഥർ സന്ദർശിക്കുന്പോൾ കാണുന്ന ഇന്ത്യക്കാരിൽ അധികപേരുടെയും ആവശ്യം എമർജൻസി സർട്ടിഫിക്കറ്റ് ആണ്. വിസാ നിയമ ലംഘകരാണ് അധികവും ഇത്തരം കേന്ദ്രങ്ങളിൽ എത്തിപ്പെടുന്നവർ.
കുടിയേറ്റനിയമത്തിന്റെ കാർക്കശ്യം കാരണം നാടുകടത്തൽ കേന്ദ്രത്തിൽ എത്തിപ്പെടുന്നവരെ കയറ്റി അയയ്ക്കുന്നത് ഓരോ കേസുമായി ബന്ധപ്പെട്ടു വ്യത്യസ്ത കാലയളവിലാകും. പലർക്കും പലവിധ കാലപരിധി വേണ്ടിവരും. പാസ്പോർട്ടോ സിവിൽ ഐഡിയോ കൈവശമില്ലാത്തവർ അതിന്റെ കോപ്പിയെങ്കിലും സൂക്ഷിക്കുന്നതു നന്നാകും, വിരലടയാളം വഴി വിവരങ്ങൾശേഖരിക്കാനുള്ള അവസരങ്ങളിൽ പ്രത്യേകിച്ചും. എമർജൻസി സർട്ടിഫിക്കറ്റ് ലഭിക്കുകയോ അപേക്ഷിക്കുകയോ ചെയ്‌തവർ പിന്നീടു തിരിച്ചുകിട്ടിയ പാസ്പോർട്ടിന്റെ ബലത്തിലാണ് യാത്ര ചെയ്യാനൊരുങ്ങുന്നതെങ്കിൽ http://indembkwt.org/DispNews.aspx? ID=1085 എന്ന ലിങ്ക് വഴി എംബസിയെ വിവരമറിയിക്കണം.
വിസ/താമസാനുമതി ലംഘനത്തിന് തടവുകേന്ദ്രത്തിലുള്ളവരുടെ മോചനം ആവശ്യമായ രേഖകൾ സഹിതം തൊഴിലുടമ/സ്പോൺസറുടെ ഇടപെടൽ വഴി മാത്രമേ സാധ്യമാകൂ എന്നതും എംബസി ഒാർമ്മിപ്പിക്കുന്നു.
വിചാരണ/അേന്വഷണം/കുടിശിക തുടങ്ങി ഒട്ടേറെ കാരണങ്ങളാൽ യാത്രാവിലക്കുള്ള ഇന്ത്യക്കാർ കുവൈത്തിലുണ്ട്. കോടതിവിധി പ്രകാരമുള്ള തുക അടച്ചുതീർക്കൽ, തടവുകാലാവധി പൂർത്തിയാക്കൽ എന്നിവയാണ് യാത്രാവിലക്കു നീങ്ങുന്നതിനുള്ള വഴികൾ.എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ എംബസിയുടെ സഹായം ആവശ്യമെന്നുവന്നാൽ കമ്യൂണിറ്റി വെൽഫെയർ വിഭാഗത്തിലെ കോൺസുലർ ഓഫീസറെ മാർഗനിർദേശങ്ങൾക്കായി സമീപിക്കാമെന്ന് എംബസി വ്യക്തമാക്കുന്നു.
ആളെ കാണാതായി എന്നത് സംബന്ധിച്ചു ബന്ധുക്കൾ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, നോർക്കപോലുള്ള സംവിധാനങ്ങൾ എന്നിവിടങ്ങളിൽനിന്ന് എംബസിക്കു ധാരാളം പരാതികൾ ലഭിക്കാറുണ്ട്. പാസ്പോർട്ട് നന്പർ, സിവിൽ ഐ.ഡി നന്പർ, സ്പോൺസറെ സംബന്ധിച്ച വിവരം തുടങ്ങിയവയുണ്ടെങ്കിൽ അന്വേഷണം എളുപ്പമാകും. കാണാതായ ഇന്ത്യൻ ജീവനക്കാരനെ തേടി സ്പോൺസർമാരുംഎംബസിയിൽ എത്താറുണ്ട്.
എന്നാൽ അധിക കേസുകളിലും കാണാതായവരെക്കുറിച്ചുള്ള ഒരുവിവരവും നൽകാൻ പരാതിക്കാർക്കു കഴിയാറില്ല. ചില കേസുകളിലാകട്ടെ ഇഖാമ പദവി, നിയമവിരുദ്ധ പ്രവൃത്തികളുമായി കാണാതായ ആൾക്കുള്ള ബന്ധം, നേരത്തെ നടത്തിയ അന്വേഷണത്തിന്റെ ഫലം തുടങ്ങിയവ മറച്ചുവച്ചാകും പരാതി. അത്തരം പരാതികൾ സമയനഷ്ടത്തിനു മാത്രമേ ഉപകരിക്കൂ.

