നിയന്ത്രണരേഖയില്‍ നിന്നും പിടികൂടിയ പാക് പൗരനെ കൈമാറി ഇന്ത്യന്‍ സൈന്യം
ഷീബ വിജയൻ
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപത്തുനിന്ന് പിടികൂടിയ പാക്കിസ്ഥാന്‍ സ്വദേശിയെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ച് ഇന്ത്യന്‍ സൈന്യം. മാനുഷിക പരിഗണനകള്‍ മുന്‍നിര്‍ത്തിയാണ് ഇയാളെ മാതൃരാജ്യത്തേക്ക് തിരിച്ചയച്ചത്. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ നിന്നുള്ള അസദ് ഖാന്‍ എന്നയാളെയാണ് അതിര്‍ത്തിയിലെ നിയന്ത്രണരേഖയിലുള്ള ഒരു പോയിന്റില്‍ വെച്ച് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന്‍ സൈന്യത്തിന് കൈമാറിയത്. കഴിഞ്ഞ ആഴ്ച കുപ്വാര ജില്ലയിലെ തീത്വാല്‍ സെക്ടറിലുള്ള സിമാരിയില്‍ വെച്ച് നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അസദ് ഖാന്‍ പിടിയിലാകുന്നത്. അസദ് ഖാനെ പാക്കിസ്ഥാന്‍ സൈന്യത്തിന് കൈമാറുന്നതിന്റെ ചിത്രങ്ങള്‍ ഇന്ത്യന്‍ സൈന്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. കൈമാറ്റ ചടങ്ങിനിടെ ഇന്ത്യന്‍ സൈന്യത്തിലെ ഒരു മുതിര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥനുമായി ഹസ്തദാനം ചെയ്തു. തടങ്കലില്‍ കഴിഞ്ഞിരുന്ന സമയത്ത് അസദ് ഖാനോട് മാന്യതയോടും അനുകമ്പയോടും കൂടിയാണ് പെരുമാറിയത്. ഇന്ത്യന്‍ സൈന്യത്തിന് മാനുഷിക മൂല്യങ്ങളോടും പ്രൊഫഷണല്‍ പെരുമാറ്റത്തോടുമുള്ള പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് സൈന്യം വ്യക്തമാക്കി.
ADFSADSADS

