ആന്‍റണിയുടെ ആശീർവാദത്തോടെ ചാണ്ടി ഉമ്മൻ കളത്തിലേക്ക്

‘ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെന്ന്’ അനുഗ്രഹിച്ച് ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിലെ ഗോദയിലേക്ക് അയച്ച എ.കെ. ആന്‍റണിയുടെ ദൃശ്യമായിരുന്നു ‘അഞ്ജന’ത്തെ ചെറിയൊരിടവേളക്കുശേഷം ശ്രദ്ധാകേന്ദ്രമാക്കിയത്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയാണ് വസതിയിലെത്തിയ സുഹൃത്തിന്‍റെ മകെന മനസ്സറിഞ്ഞ് കണ്ണടച്ച് പ്രാർഥനാനിർഭരമായ മനസ്സോടെ അനുഗ്രഹിച്ചയച്ചത്.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർഥിയായ ചാണ്ടി ഉമ്മൻ ആന്റണിയെ വീട്ടിൽ സന്ദർശിച്ചതും തുടർന്നുണ്ടായതും വികാരനിർഭര നിമിഷങ്ങൾ. കൂടിക്കാഴ്ചക്കുശേഷം ആന്റണിയുടെ പ്രതികരണം ഇങ്ങനെ; ‘അപ്പന്റെ പിൻഗാമിയായി മകൻ എത്തുന്നു’. ‘ഉമ്മൻ ചാണ്ടി ഇല്ലാത്ത കോൺഗ്രസ് രാഷ്ട്രീയത്തോട് പൊരുത്തപ്പെടാനായിട്ടില്ല. ഈ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയെ മറക്കില്ല. ഇല്ലാത്ത കളങ്കം ആരോപിച്ച് വേട്ടയാടിയത് അവർ ഓർക്കും. അത് ശരിയോ തെറ്റോ എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കും. ആ കുടുംബത്തെ ഉന്മൂലനം ചെയ്യാൻ നോക്കി. ചാണ്ടി ഉമ്മനെ തേജോവധം ചെയ്യാൻ നടത്തിയ നീക്കവും മറക്കില്ല. അപ്പന്റെ പിൻഗാമിയായി മകൻ പുതുപ്പള്ളിയിൽ ചരിത്രവിജയമുണ്ടാക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞാൻ പുതുപ്പള്ളിയിലേക്ക് പോകും’- ആന്റണി പറഞ്ഞു. മാതാപിതാക്കളെപ്പോലെയാണ് ആന്റണിയും ഭാര്യയുമെന്നും അനുഗ്രഹം വാങ്ങാനാണ് വന്നതെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ആന്‍റണിയുടെ വസതിയിൽ നിന്നിറങ്ങിയ ചാണ്ടി നിയമസഭയിലെത്തി പ്രതിപക്ഷനേതാവ് വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും കണ്ടു.
FGHTFGHFGH