വധുവിന്റെ പിതാവിന്റെ കൊലപാതകം: ദൃക്സാക്ഷിയായ പെൺകുട്ടിക്ക് ഭീഷണി
വടശ്ശേരികോണത്ത് കല്യാണദിനം വധുവിന്റെ പിതാവിനെ വധിച്ച സംഭവത്തിൽ ദൃക്സാക്ഷിയായ പെൺകുട്ടിക്ക് ഭീഷണിയെന്ന് പരാതി. ഇന്നലെ രാത്രിയോടെ രണ്ടുപേർ ഭീഷണിയുമായി വീട്ടിലെത്തിയെന്ന് കൊല്ലപ്പെട്ട രാജുവിന്റെ സഹോദരി പുത്രി പറഞ്ഞു. പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനിടെ, കൊലപാതത്തിൽ 4 പ്രതികളേയും റിമാൻഡ് ചെയ്തു. വർക്കല മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് പുലർച്ചെയാണ് ഹാജരാക്കിയത്. പ്രതികളെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ പൊലീസ് ഉടൻ നൽകും.
ഇന്നലെ പുലർച്ചെയാണ് തിരുവനന്തപുരം വടശ്ശേരിക്കോണം സ്വദേശി രാജു മരിച്ചത്. 61 വയസ്സായിരുന്നു. ഓട്ടോ ഡ്രൈവറായ രാജുവിന്റെ മകളുടെ വിവാഹം ഇന്നലെയാണ് നടക്കേണ്ടിയിരുന്നത്. വിവാഹ തലേന്ന് വധുവിന്റെ മുൻ സുഹൃത്തായ ജിഷ്ണുവും സുഹൃത്തുക്കളും കല്യാണ വീട്ടിലെത്തി പെൺകുട്ടിയെ കാണണം എന്ന് ബഹളം വെച്ചു. കല്യാണ വീട്ടിലുണ്ടായിരുന്നവർ ഇടപെട്ടതോടെ പ്രതികൾ അതിക്രമം തുടങ്ങി. തുടർന്ന് നടന്ന തർക്കത്തിനിടെ ഇവർ മൺവെട്ടി കൊണ്ട് പെൺകുട്ടിയുടെ അച്ഛനെ അടിക്കുകയായിരുന്നു. ബോധരഹിതനായ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശവാസികളായ ജിഷ്ണു, ജിജിൻ, മനു, ശ്യാം എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
sadfdsdssads

