ഏലത്തൂർ ട്രെയിൻ അക്രമം: ദൃക്‌സാക്ഷി അക്രമിയെ തിരിച്ചറിഞ്ഞു

ഏലത്തൂരില്‍ ട്രെയിനില്‍ തീകൊളുത്തിയ അക്രമിയെ തിരിച്ചറിഞ്ഞ് സംഭവത്തിന്റെ പ്രധാന ദൃക്‌സാക്ഷിയായ റാസിഖ്. പ്രതിയുടെ ചിത്രവും സിസിടിവി ദൃശ്യങ്ങളും പൊലീസ് റാസിഖിനെ കാണിക്കുകയും റാസിഖ് പ്രതിയെ തിരിച്ചറിയുകയും ചെയ്യുകയായിരുന്നു.
ഒരു ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്ന് പൊലീസ് ഒരു ഫോട്ടോ റാസിഖിനെ കാണിച്ചുകൊടുത്തെന്നാണ് വിവരം. പൊലീസ് കാണിച്ച സിസിടിവി ഫുട്ടേജില്‍ നിന്നുള്ള ചില സിസിടിവി ദൃശ്യങ്ങളും റാസിഖ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിയെ റാസിഖ് തിരിച്ചറിയുക കൂടി ചെയ്തതോടെ ഉടന്‍ തന്നെ ഇയാളെ കുടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതി ആരാണെന്നും ഏത് നാട്ടുകാരനാണെന്നും അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റാസിഖിനെ കേസിലെ ഏറ്റവും വിശ്വസ്തനായ ദൃക്‌സാക്ഷിയായാണ് പൊലീസ് കാണുന്നത്. റാസിഖ് പറഞ്ഞത് പ്രകാരമായിരുന്നു ഇന്നലെ പൊലീസ് പ്രതിയുടെ രേഖാചിത്രം തയാറാക്കിയത്.
കേസില്‍ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് പൊലീസ്. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം. കേരള പൊലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയത്. നോയിഡയിലെ ചില ജിമ്മുകളില്‍ അടക്കമെത്തി ഉത്തര്‍പ്രദേശ് പൊലീസ് വിവരം തേടിയിട്ടുണ്ട്.
കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സംസ്ഥാന പൊലീസ് മേധാവി നിയോഗിച്ചിരുന്നു. ക്രമസമാധാനവിഭാഗം എ.ഡി.ജി.പി അജിത് കുമാറിനൊപ്പം മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമന്‍ ഉള്‍പ്പെടെ 18 അംഗങ്ങളാണ് സംഘത്തിലുള്ളത്.ഭീകരവിരുദ്ധ സേന ഡിവൈഎസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജ്, താനൂര്‍ ഡിവൈഎസ്.പി വി.വി.ബെന്നി എന്നിവര്‍ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
dfhggfhgfhf