‘വിസി നിയമനം’; ഹൈക്കോടതി വിധി സർക്കാർ നിലപാട് ശരി വെക്കുന്നതെന്ന് ആർ ബിന്ദു

കേരള സാങ്കേതിക സർവകലാശാല താൽകാലിക വൈസ് ചാൻസലർ നിയമനം സർക്കാരിന്റെ അവകാശമാണെന്ന് മന്ത്രി ആർ ബിന്ദു. ഹൈക്കോടതി വിധി സർക്കാർ നിലപാട് ശരി വെക്കുന്നതാണെന്നും മന്ത്രി പ്രതികരിച്ചു. നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെടിയു താൽകാലിക വിസി നിയമന വിഷയത്തിൽ പുതിയ വിസിയെ നിർദേശിക്കേണ്ടത് സർക്കാരാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കെടിയു താൽകാലിക വിസി സിസ തോമസിന്റെ നിയമനം റദ്ദാക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. സിംഗിൾ ബെഞ്ച് ഈ ആവശ്യം തള്ളിയതോടെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു. എന്നാൽ പ്രത്യേക സാഹചര്യത്തിൽ താൽകാലികമായി നിയമിക്കപ്പെട്ടതിനാൽ സിസ തോമസിന്റെ നിയമനം റദ്ദാക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി നാളെ നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. കൂടിക്കാഴ്ചയിൽ സർവകലാശാല ബിൽ അടക്കമുള്ള കാര്യങ്ങൾ ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിന് ഗവർണറോടുള്ളത് സ്‌നേഹാദരങ്ങളോടെയുള്ള സമീപനമാണെന്നും ഇനിയും അത് തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ ഡയറക്ടറെ നിയമിക്കാന്‍ സെർച്ച് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പ്രവർത്തനം പുരോഗമിക്കുകയാണെന്നും എത്രയും വേഗം പുതിയ ഡയറക്ടറെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.
dfghfcx