ഗവർണർക്കെതിരെ ഗുരുതര ആരോപണവുമായി മുൻ കലാമണ്ഡലം വിസി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കിയ നടപടി സ്വാഗതം ചെയ്ത് കലാമണ്ഡലം മുൻ വൈസ് ചാൻസലർ. ഗവർണർ കലാമണ്ഡലത്തിൽ ഇല്ലാത്ത അധികാരം ഉപയോഗിച്ചെന്ന് മുൻ വിസി ഡോ.ടി.കെ നാരായണൻ പ്രമുഖ ചാനലിനോട് പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തുന്ന വിധം തുടർച്ചയായി കത്തുകൾ അയച്ചെന്നും ടി.കെ നാരായണൻ ആരോപിച്ചു.
കലാമണ്ഡലത്തിൽ ഗവർണറുടെ അധികാരം സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും സാംസ്‌കാരിക വകുപ്പിൽ നിന്ന് ലഭിച്ച മറുപടി തൃപ്തികരമായിരുന്നില്ല. ഗവർണർക്കെതിരെ കോടതിയിൽ പോയതിന് സാംസ്‌കാരിക വകുപ്പ് അന്ന് റിപ്പോർട്ട് തേടി. തന്റെ നിലപാട് ശരിവയ്ക്കുന്ന നടപടിയാണ് ഇപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും മുൻ വിസി പ്രതികരിച്ചു.
‘അത് ചെയ്‌തോ ഇത് ചെയ്‌തോ എന്നൊക്കെ ചോദിച്ച് മാസാമാസം കത്തയ്ക്കുകയായിരുന്നു. അതൊന്നും ഒരു ഗവർണർ ചെയ്യേണ്ടതല്ല. സർവകലാശാലയുടെ ദൈനംദിന കാര്യങ്ങളിൽ ഗവർണർ ഇടപെടാൻ ഒരു യൂണിവേഴ്‌സിറ്റി ആക്ടും അനുവദിക്കുന്നില്ല. ഡീന്‍മാരെ ഞാൻ നോമിനേറ്റ് ചെയ്തപ്പോഴും ഗവർണറുടെ ഓഫീസിൽനിന്ന് എന്നെ വിളിച്ചുചോദിച്ചു. എന്റെ അധികാരമുപയോഗിച്ചാണ് ഞാൻ നോമിനേറ്റ് ചെയ്തത്. വിസിയുടെ അധികാരമാണ് ഡീന്‍മാരെ നോമിനേറ്റ് ചെയ്യുകയെന്നത്. എന്നോട് നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടു. ഒരു വിസിയോട് എങ്ങനെയാണ് ഹാജരാകാൻ ആവശ്യപ്പെടുന്നത്?. രജിസ്ട്രാറോട് ഹാജരാകാൻ ആവശ്യപ്പെടാം. ഒരു വിസിയെന്നാൽ വലിയൊരു സ്ഥാനമാണ്. ആ സ്ഥാനത്തെ മാനിക്കണം. ഹാജരാകാതിരിക്കുമ്പോൾ ഭീഷണിപ്പെടുത്തുന്ന മട്ടിലാണ് കത്തയയ്ക്കുന്നത്. ഇതൊന്നും അനുസരിക്കാൻ ഞാൻ തീരുമാനിച്ചിരുന്നില്ല’. ഡോ. ടി.കെ നാരായണൻ പറഞ്ഞു.
കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കിയത്. സർക്കാർ നിർദേശിക്കുന്ന വ്യക്തിയെ പകരം ചാൻസലറാകും. കലാ−സാംസ്‌കാരിക രംഗത്തെ പ്രമുഖനാകും പകരം പദവിയിലേക്കെത്തുക. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ആണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അഞ്ച് വർഷത്തേക്കായിരിക്കും പുതിയ നിയമനമെന്നും ഉത്തരവിൽ പറയുന്നു. ഒരു തവണകൂടി പുനർനിയമനത്തിന് അർഹതയുണ്ടായിരിക്കും. 75 വയസാണ് പ്രായപരിധി. ചാൻസലറുടെ അഭാവത്തിൽ പ്രോ ചാൻസലർ ആയിരിക്കും സർവകലാശാലയുടെ ഉത്തരവാദിത്തങ്ങൾ.
tru8ty