മകരവിളക്ക്; ശബരിമല നട ഈ മാസം 16ന് തുറക്കും

ഈ വർഷത്തെ മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു. 16ന് വൈകിട്ട് 5ന് നട തുറക്കും. വൃശ്ചികം ഒന്നായ 17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡലകാലം. ജനുവരി 14നാണ് മകരവിളക്ക്. തീർത്ഥാടകർക്ക് വെർച്വൽ ബുക്കിംഗ് നിർബന്ധം. ഓൺലൈനിൽ ബുക്കിംഗ് സാധിക്കാത്തവർക്ക് വിവിധ ജില്ലകളിൽ 13 കേന്ദ്രങ്ങളിലായി 24 മണിക്കൂറും സ്പോട്ട് ബുക്കിംഗ് സംവിധാനമുണ്ടാവും. കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിംഗ് തുടങ്ങുന്നത് ആലോചനയിലാണ്.
എരുമേലി വഴി തീർത്ഥാടനം അനുവദിക്കും. കൊവിഡ് ഭീതി ഒഴിഞ്ഞതിനാൽ തീർത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പരിധി ഒഴിവാക്കി. അരവണ നിർമ്മാണം ആരംഭിച്ചു. കുടിവെള്ളം, വിരി വയ്ക്കാനുളള സൗകര്യം, അന്നദാന വിതരണം, ടോയ്ലറ്റ് സൗകര്യം, താമസത്തിനുള്ള മുറികൾ എന്നിവയെല്ലാം സജ്ജമാണ്. ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കാൻ നടപടി സ്വീകരിക്കും.
15 സീറ്റിന് താഴെയുള്ള വാഹനങ്ങൾ പമ്പയിലേയ്ക്ക് കടത്തി വിടും. എന്നാൽ, അവിടെ പാർക്കിംഗ് അനുവദിക്കില്ല. കെ.എസ്.ആർ.ടി.സി 500 ബസുകൾ ഓടിക്കും. കൂട്ടമായി എത്തുന്നവർക്ക് ഗ്രൂപ്പ് ബുക്കിംഗ് ഏർപ്പെടുത്തും. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ 11ന് രണ്ടാംഘട്ട ക്ലീനിംഗ് നടത്തും.
rtiuri