വളര്‍ത്തു നായയ്ക്ക് തീറ്റ നല്‍കാന്‍ വൈകിയതിന് യുവാവിനെ തല്ലികൊന്നു


വളര്‍ത്തു നായയ്ക്ക് തീറ്റ നല്‍കാന്‍ വൈകിയതിന് യുവാവിനെ ബന്ധു ക്രൂരമായി തല്ലിക്കൊന്നു. പാലക്കാട് കൊപ്പം മണ്ണേങ്ങോട് അത്താണിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന അര്‍ഷാദ് ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ മുളയന്‍കാവ് പാലപ്പുഴ ഹക്കീ(27)മിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹക്കീമിന്‍റെ അമ്മായിയുടെ മകനാണ് മരിച്ച അര്‍ഷാദ്. ഇരുവരും മണ്ണേങ്ങോട് അത്താണിയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

അർഷദിനെ ഹക്കീം നിരന്തരം ക്രൂരമായി മർദിക്കാറുണ്ടായിരുന്നു. ഹക്കിം വളർത്തുന്ന നായയ്ക്കു തീറ്റ കൊടുക്കാൻ വൈകിയതിന്‍റെ പേരിലാണു വ്യാഴാഴ്ച രാത്രി മർദിച്ചത്. നായയുടെ കഴുത്തിലെ ബെൽറ്റ് കൊണ്ടും പട്ടിക കൊണ്ടും പുറത്തു ക്രൂരമായി തല്ലി. വീണ അർഷാദിനെ നിലത്തിട്ടും ചവിട്ടിയതോടെ വാരിയെല്ലുകൾ തകർന്നു.

വെള്ളിയാഴ്ച രാവിലെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അർഷദിനെ ഹക്കീം എത്തിച്ചത്. നൂറോളം പാടുകളും മുറിവുകളുമായി അർഷദിനെ കെട്ടിടത്തിൽനിന്നു വീണെന്നു പറഞ്ഞാണ് ഹക്കീം ആശുപത്രിയിലെത്തിച്ചത്.

പരിശോധിച്ചപ്പോൾ സംശയം തോന്നിയ ആശുപത്രി അധികൃതർ കൊപ്പം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഉച്ചയോടെ അർഷാദ് മരിച്ചു.

സംഭവത്തിനു പിന്നാലെ മുങ്ങിയ ഹക്കീമിനെ അന്നു വൈകിട്ടു പോലീസ് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ച വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മണ്ണേങ്ങോട് അത്താണിയിൽ ഇവർ താമസിച്ചിരുന്ന വാടക വീട്ടിലും പരിസരത്തും പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ആന്തരിക രക്തസ്രാവമാണു അർഷാദിന്‍റെ മരണകാരണമെന്നാണു നിഗമനം.

article-image

You might also like

  • Straight Forward

Most Viewed