പിപിഇ കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ; മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ

കോവിഡ് കാലത്ത് പിപിഇ കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആദ്യഘട്ടത്തിൽ പർച്ചേസ് നടത്തിയത് അടിയന്തരസാഹചര്യത്തിലാണ്. മരുന്നുപോലുമില്ലാത്ത ഘട്ടത്തിൽ അന്ന് മുൻഗണന നൽകിയത് ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ്. അഴിമതി ആരോപണം തെറ്റാണെന്നും ശൈലജ പറഞ്ഞു. കോവിഡ് കാലത്ത് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രി അറിഞ്ഞാണ്. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിൻ പ്രകാരം അന്‍പതിനായിരം കിറ്റിന് ഓർഡർ നൽകി. പതിനയ്യായിരം എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി വാങ്ങിയത് കുറഞ്ഞ വിലയ്ക്കെന്നും ശൈലജ വ്യക്തമാക്കി.
കോവിഡ് കാലത്ത് പിപിഇ കിറ്റുകൾ അടക്കമുള്ളവ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്ത കഴിഞ്ഞ ദിവസം ശൈലജയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയതിനുശേഷമാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്. കോവിഡ് കാലത്ത് മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയ കേസിലാണ് നടപടി. കോൺഗ്രസ് പ്രവർത്തക വീണ എസ്. നായരുടെ ഹർജിയിലാണിത്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് കോവിഡിന്‍റെ തുടക്കത്തിൽ പിപിഇ കിറ്റ്, ഗ്ലൗസ്, ഇൻഫ്രാറെഡ് തെർമോമീറ്റർ എന്നിവ അടക്കമുള്ള സാധനങ്ങൾ വാങ്ങിയതിൽ അഴിമതി നടന്നുവെന്നാണ് ആരോപണം.
hyfgh