ദയാബായി നടത്തുന്ന നിരാഹാര സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ തയാറായില്ലെങ്കിൽ സമരം ഏറ്റെടുക്കുമെന്ന് യു.ഡി.എഫ്

കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ തയാറായില്ലെങ്കിൽ സമരം ഏറ്റെടുക്കുമെന്ന് യു.ഡി.എഫ്. സംസ്ഥാനത്തിൽ എല്ലായിടത്തും യു.ഡി.എഫിന്റെ നേതൃത്വത്തിൽ സമരം ആരംഭിക്കും. സർക്കാരിന് പരിഹരിക്കാവുന്ന പ്രശ്‌നങ്ങൾ മാത്രമാണ് ഉന്നയിച്ചിരിക്കുന്നത്. സമയബന്ധിതമായി പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയാൽ ദയാബായി സമരം അവസാനിപ്പിക്കും. ആരോഗ്യമന്ത്രി നാട്ടിൽ എത്തിയാലുടൻ ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടും. എന്തെങ്കിലും പ്രഹസനം കാട്ടി സർക്കാരിന് സമരം അവസാനിപ്പാക്കാനാകില്ല. ഉന്നയിക്കുന്ന കാര്യങ്ങളിൽ കൃത്യമായ നടപടി ഉണ്ടായാൽ മാത്രമെ ദയാബായി സമരം അവസാനിപ്പിക്കൂ.
കാസർകോട് ജില്ലയിൽ ആശുപത്രി സംവിധാനങ്ങൾ പരിമിതമാണ്. ലോക്ഡൗൺ കാലത്ത് അതിർത്തി അടച്ചതുകൊണ്ട് മതിയായ ചികിത്സ ലഭിക്കാതെ ഇരുപതോളം പേരാണ് മരിച്ചത്. ജില്ലയിലെ ആശുപത്രികളിൽ ആവശ്യമായ ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് സമരത്തിലൂടെ ആവശ്യപ്പെടുന്നത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് എല്ലാ വർഷവും മെഡിക്കൽ ക്യാമ്പ് നടത്തി പുതിയ എൻഡോസൾഫാൻ ഇരകളെ കണ്ടെത്തുമെന്ന് തീരുമാനിച്ചിരുന്നു. അഞ്ച് വർഷമായി മെഡിക്കൽ ക്യാമ്പ് നടക്കുന്നില്ല. ഡേ കെയർ സെന്ററുകളും ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. കുഞ്ഞിനെയും കൊന്ന് അമ്മമാർ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയുണ്ടായത് ഇത്തരം ഡേ കെയർ സെന്ററുകൾ പ്രവർത്തിക്കാത്തതു കൊണ്ടാണ്.
ujhftju