കാട്ടാക്കടയിൽ അച്ഛനും മകൾക്കും കെഎസ്ആർടിസി ജീവനക്കാരുടെ മർദനം; നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തു

കാട്ടാക്കടയിൽ അച്ഛനും മകൾക്കും കെഎസ്ആർടിസി ജീവനക്കാരുടെ മർദനം. മകളുടെ യാത്രാസൗജന്യത്തെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. അമച്ചൽ സ്വദേശി പ്രേമനാണ് മകളുടെ മുന്നിൽവച്ച് മർദനമേറ്റത്. പരിക്കേറ്റ ഇയാളെ കാട്ടാക്കടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർഥിനിയായ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കാനായിട്ടാണ് കെഎസ്ആർടിസിയുടെ കാട്ടാക്കട ഡിപ്പോയിൽ മക്കളുമൊത്ത് പ്രേമൻ എത്തിയത്. കോഴ്സ് സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ കൺസഷൻ ടിക്കറ്റ് പുതുക്കി നൽകൂ എന്ന് ജീവനക്കാർ ഓഫീസിൽ നിന്നും പ്രേമനോട് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ വെറുതെയല്ല കെഎസ്ആർടിസി രക്ഷപ്പെടാത്തതെന്ന് പ്രേമൻ പറഞ്ഞതോടെ ജീവനക്കാര്‍ പ്രകോപിതരാക്കുകയും കാര്യങ്ങൾ കൈയേറ്റത്തിലേക്ക് എത്തുകയുമായിരുന്നു. മൂന്നുപേർ ചേർന്നാണ് പ്രേമനെ മർദിച്ചത്. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകൾക്കും പരിക്കേറ്റത്.
അതേസമയം സംഭവത്തിൽ നാല് കെഎസ്ആർടിസി ജീവനക്കാരെ സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടക്കാട് ഡിപ്പോയിലെ ഡ്യൂട്ടിഗാർഡ് എസ്.ആർ സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽ കുമാർ, അസിസ്റ്റന്‍റ് സിപി മിലൻ ഡോറിസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കെഎസ്ആർടിസി വിജിലൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
xhyx