‘ഗവർണർക്ക് മാനസിക വിഭ്രാന്തി; രാജിവച്ച് പോകുന്നതാണ് ഉചിതം’ : ഇ.പി ജയരാജൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഇ.പി ജയരാജൻ. ഗവർണർ പദവി ദുരുപയോഗം ചെയ്യുന്നുവെന്നും ആർഎസ്എസ് പ്രചാരകന്റെ ദൗത്യമാണ് നിർവഹിക്കുന്നതെന്നും ഇ.പി ജയരാജൻ തുറന്നടിച്ചു.
‘ഗവർണർക്ക് മനസിക വിഭ്രാന്തിയാണ്. എന്തും പറയുമെന്ന നിലയിലെത്തി. ഗവർണർ പദവിയിലിരിക്കാൻ യോഗ്യനല്ല. രാജിവെച്ച് പോകുന്നതാണ് ഉചിതം. ഗവർണർ എന്തോ വലിയ കാര്യമെന്ന പ്രതീതി ജനിപ്പിക്കാൻ ശ്രമിച്ചു. ഗവർണർക്ക് പ്രായത്തിനനുസരിച്ച പക്വതയില്ല. വലിയ നിലവാര തകർച്ചയാണ് ഉണ്ടായത്. വാർത്താ സമ്മേളനത്തിൽ പുതുതായി ഒന്നുമില്ല’- ഇ.പി ജയരാജൻ പറഞ്ഞു. ആർഎസ്എസ് ബന്ധം ഗവർണർ സമ്മതിക്കുന്നുണ്ട്.
ജനം ഗവർണറെ പരിഹാസത്തോടെ കാണുമെന്നും ഗവർണർ പദവി ഉപേക്ഷിച്ച് പോകുന്നതാണ് നല്ലതെന്നും ഇ.പി ജയരാജൻ തുറന്നടിച്ചു. തനിക്കെതിരായ പരാമർശം നിലവാരത്തകർച്ചയാണ്. രാഷ്ട്രീയ പാർട്ടികൾ വിമർശിച്ചാൽ മനസിലാക്കും, യാത്രയെ അടിസ്ഥാനപ്പെടുത്തിയാണോ സ്ഥാനങ്ങൾ നിശ്ചയിക്കുന്നതെന്ന് ഇ.പി ജയരാജൻ ചോദിച്ചു.
‘ഗവർണറെക്കുറിച്ച് ദു:ഖിക്കാനേ കഴിയൂ. ഗവർണർ ആർഎസ്എസ് വളണ്ടിയറാണ്. മുഖ്യമന്ത്രി ഗവർണർക്ക് നൽകുന്ന കത്ത് ദൗത്യനിർവഹണത്തിന്റെ ഭാഗം. അതിൽ ഒന്നും ഒളിച്ചുവെക്കാനില്ല. ഗവർണർ ആർഎസ്എസുമായി ഒത്തുകളിക്കുന്നു. കണ്ണൂരിലെ ചരിത്ര കോൺഗ്രസ് അലങ്കോലമായത് ഗവർണറുടെ പ്രസംഗം കാരണം . ചരിത്ര കോൺഗ്രസിൽ നടത്തേണ്ട പ്രസംഗമായിരുന്നില്ല അത്. കെ.കെ രാഗേഷ് എത്തിയത് പ്രതിനിധിയായാണ്. മുഖ്യമന്ത്രിയോടുള്ള വിരോധം തീർക്കാൻ രാഗേഷിനെ ബലിയാടാക്കുന്നു. രാഗേഷിനോടുള്ള വിരോധം തീർക്കാൻ ഭാര്യയെ വേട്ടയാടുന്നു. ഗവർണർ അധപതനത്തിന്റെ ആഴം തിരിച്ചറിയണം.ഗവർണറുടെ തനി നിറം വാർത്താ സമ്മേളനം വെളിവാക്കി.’- ഇ.പി ജയരാജൻ തുറന്നടിച്ചു.