പ്രസവത്തെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും

പാലക്കാട്ട് പ്രസവത്തെ തുടർന്ന്അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. വെസ്‌റ്റ് യാക്കരയിലെ തങ്കം ആശുപത്രിയിലാണ് തത്തമംഗലം ചെന്പകശേരി സ്വദേശിനിയായ ഐശ്വര്യ (25) പ്രസവത്തെ തുടർന്ന് മരിച്ചത്. ഞായറാഴ്ച രാത്രി ഐശ്വര്യയുടെ കുഞ്ഞ് മരിച്ചിരുന്നു. പീഡിയാട്രീഷ്യനും തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനുമടക്കമുള്ള പ്രത്യേക സംഘമാണ് അമ്മയുടേയും കുഞ്ഞിന്‍റെയും മരണം സംബന്ധിച്ച് അന്വേഷണം നടത്തുക. ഡിഎംഎഒയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് പ്രത്യേക സംഘം സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ആശുപത്രി രേഖകളും പോസ്റ്റുമോർട്ടം റിപ്പോർട്ടും അനുബന്ധ രേഖകളും മറ്റും പരിശോധിച്ച ശേഷമായിരിക്കും സംഘം റിപ്പോർട്ട് നൽകുക. ഡോക്ടർമാരേയും മരണമടഞ്ഞ യുവതിയുടെ ബന്ധുക്കളേയും കണ്ട് സംഘം മൊഴിയെടുക്കും. ചികിത്സാ പിഴവുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഡിഎംഒ പറഞ്ഞു. അമിത രക്തസ്രാവമുണ്ടായതാണ് ഐശ്വര്യയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിവരം. വിശദമായ റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്ന് പാലക്കാട് ഡിവൈഎസ്പി പറഞ്ഞു. ചികിത്സാപിഴവിനെ തുടർന്നാണ് ഐശ്വര്യ പ്രസവത്തോടെ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
മൃതദേഹം ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തത്തമംഗലം ചെന്പകശ്ശേരി മോഹനൻ−വത്സല ദന്പതികളുടെ മകൻ രഞ്ജിത്താണ് ഐശ്വര്യയുടെ ഭർത്താവ്. കൊഴിഞ്ഞാന്പാറ അത്തിക്കോട് പണിക്കർകളം സ്വദേശി മോഹനൻ−ഓമന ദന്പതികളുടെ മകളാണ് ഐശ്വര്യ. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ചികിത്സാ പിഴവിന് മൂന്ന് ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ യുവജന കമ്മീഷൻ അംഗം ടി. മഹേഷ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി.