വിദ്വേഷ പ്രസംഗം; പി.സി. ജോർജ് കസ്റ്റഡിയിൽ

വിദ്വേഷ പ്രസംഗ കേസിൽ പി.സി. ജോർജിനെ തിരുവനന്തപുരം ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഹാജരായ ജോർജിനെ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിൽ എടുത്തത്. പാലാരിവട്ടം േസ്റ്റഷനിൽനിന്ന് ജോർജിനെ ഇപ്പോൾ കമ്മീഷണർ ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് സൂചന. വെണ്ണല വിദ്വേഷ പ്രസംഗ കേസിലെ മൊഴിയെടുപ്പ് ഇവിടെവച്ച് നടത്തും. നേരത്തേ, തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസിൽ ജോർജിന്‍റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ജുഡീഷൽ ഒന്നാംക്ലാസ് കോടതിയുടെ നടപടി.
ഇതിനു പിന്നാലെയാണ് വെണ്ണല കേസിൽ പാലാരിവട്ടം സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്താൻ ഹാജരായ ജോർജിനെ കസ്റ്റഡിയിൽ എടുത്തത്.
വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ജോർജ് എത്തിയപ്പോൾ നിരവധി ബിജെപി പ്രവർത്തകർ പാലാരിവട്ടം പോലീസ് േസ്റ്റഷന് മുന്നിൽ തടിച്ച് കൂടിയിരുന്നു. ബിജെപി നേതാക്കളായ കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരും ഇവിടെ എത്തി.