കൊച്ചിയിൽ ആക്രമിക്കപ്പെട്ട കേസ്; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി അതിജീവിത


നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങി അതിജീവിത. ഇവർ മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും കേസിലെ ആശങ്കകളെല്ലാം അതിജീവിത നേരിട്ട് ബോധിപ്പിക്കുമെന്നും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വ്യക്തമാക്കി.നടിയുടെ ആശങ്കകളെല്ലാം മുഖ്യമന്ത്രിയോട് പറയണം. അതിജീവിത ഇതുവരെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിട്ടില്ല. കാണാനുള്ള സമയവും തിയതിയും നമ്മൾ ചോദിച്ചു കൊണ്ടിരിക്കുകയാണ്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതിൽ കൂടി കുറേക്കാര്യങ്ങളിൽ വ്യക്തത വരുമെന്നും ഹർജി വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച ശുഭ വാർത്ത കിട്ടുമെന്നുമാണ് വിശ്വാസമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

തൃക്കാക്കര തെരഞ്ഞെടുപ്പുമായി ഇതിന് യാതൊരു ബന്ധവുമില്ല. അതീജീവിതയ്ക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല. അവളെ സംബന്ധിച്ച് എങ്ങനെയൊക്കെ പോയാലാണ് നീതി കിട്ടുകയെന്നാണ് ചിന്തിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.കേസിൽ‍ തുടരന്വേന്വേഷണത്തിന് സമയം നീട്ടി നൽ‍കാനാവില്ലെന്നാണ് ഇന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. കേസിലെ സമയ പരിധി നിശ്ചയിച്ചത് മറ്റൊരു ബെഞ്ചായതിനാൽ‍ ഇടപെടാനാവില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ പറഞ്ഞു. തുടരന്വേഷണത്തിൽ‍ അട്ടിമറി നടക്കുന്നെന്നാരോപിച്ച് അതിജീവിത നൽ‍കിയ ഹർ‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹർ‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി അതേസമയം അതിജീവിതയുടെ ഹർ‍ജിയിൽ‍ ഉന്നയിച്ച ആരോപണങ്ങൾ‍ സർ‍ക്കാർ‍ നിഷേധിച്ചു. അതിജീവിതയുടെ ഭീതി അനാവശ്യമാണ്. അതിജീവിത നിർ‍ദ്ദേശിച്ചയാളെയാണ് പ്രോസിക്യൂട്ടറാക്കിയത്. പുതിയ സ്‌പെഷ്യൽ‍ പ്രോസിക്യൂട്ടറെ അതിജീവിതയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സർ‍ക്കാർ‍ കോടതിയെ അറിയിച്ചു. കേസിൽ‍ സർ‍ക്കാർ‍ അനാസ്ഥ കാണിക്കുന്നില്ല. കൃത്യമായ നടപടികൾ‍ സ്വീകരിക്കുന്നുണ്ടെന്ന് സർ‍ക്കാർ‍ കോടതിയിൽ‍ വാദിച്ചു. എന്നാൽ‍ ഇക്കാര്യത്തിൽ‍ കൃത്യമായ മറുപടി കിട്ടേണ്ടതുണ്ടെന്നും അതിനാൽ‍ അടുത്ത വെള്ളിയാഴ്ച ഹർ‍ജി വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed