മുല്ലപ്പെരിയാർ ഡാം; അധികാരം മേൽനോട്ട സമിതിക്ക് കൈമാറാൻ സുപ്രിംകോടതി ഉത്തരവ്

മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ അധികാര പരിധി കൂട്ടി സുപ്രിംകോടതി. ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരം മേൽനോട്ട സമിതിക്ക് കൈമാറാൻ സുപ്രിംകോടതി ഉത്തരവ്. ഇനി മേൽനോട്ട സമിതിക്കാകും ഡാം സുരക്ഷയുടെ പൂർണ അധികാരം. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂർണ സജ്ജമാകുന്നത് വരെയാണ് ക്രമീകരണം. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരള −തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ വീതം സമിതിയിൽ ഉൾപ്പെടുത്തും. ഇനി മുതൽ സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കും പരിഹരിക്കുന്നതിനും മേൽനോട്ട സമിതിക്ക് അധികാരം നൽകി. പ്രദേശികമായി നാട്ടുകാരുടെ ആശങ്കകൾ പരിഗണിച്ചുകൊണ്ട് വേണം മേൽനോട്ട സമിതി പ്രവർത്തിക്കാനെന്നും സുപ്രിംകോടതി പറഞ്ഞു. നാട്ടുകാർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് മേൽനോട്ട സമിതിയെ അറിയിക്കാം. മേൽനോട്ട സമിതി അത് പരിഗണിക്കുകയും പരിശോധിക്കുകയും വേണമെന്നും ഉത്തരവിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ ഹർജിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഹർജികളാണ് സുപ്രിംകോടതിയുടെ മുന്നിലുണ്ടായിരുന്നത്.