കൂടൽമാണിക്യം ക്ഷേത്രത്തിൽ നർത്തകിക്ക് അവസരം നിഷേധിച്ച സംഭവം തന്ത്രി രാജിവെച്ചു
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കലാകാരി മൻസിയക്ക് അവസരം നിഷേധിച്ച സംഭവത്തിന് പിന്നാലെ തന്ത്രി പ്രതിനിധി രാജിവെച്ചു. ഭരണസമിതിയിൽ നിന്നാണ് തന്ത്രി പ്രതിനിധി എൻ.പി.പി നമ്പൂതിരിപ്പാട് രാജിവെച്ചത്. മൻസിയക്ക് അവസരം നിഷേധിച്ചതിൽ ക്ഷേത്ര ഭരണസമിതിയിൽ തർക്കങ്ങളുണ്ടായിരുന്നു. ഇടതുപക്ഷം നേതൃത്വം നൽകുന്ന ഭരണസമിതിയാണ് കൂടൽമാണിക്യം ക്ഷേത്രത്തിലുള്ളത്. ഏപ്രിൽ 21ന് ആറാം ഉത്സവദിനത്തിൽ ഉച്ചക്കുശേഷം നാലുമുതൽ അഞ്ചുവരെ ഭരതനാട്യം അവതരിപ്പിക്കാൻ നോട്ടീസിലടക്കം പേര് അച്ചടിച്ച ശേഷമാണ് ക്ഷേത്ര ഭാരവാഹികൾ മൻസിയക്ക് അവസരം നിഷേധിച്ചത്. അഹിന്ദു ആയത് കൊണ്ടാണ് ക്ഷേത്ര മതിൽക്കെട്ടിന് അകത്ത് നടക്കുന്ന പരിപാടിയിൽ നിന്നും ഒഴിവാക്കേണ്ടി വന്നത് എന്നാണ് സംഘാടകരുടെ വിശദീകരണം.
അതേസമയം മൻസിയക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി രംഗത്തുവന്നു. മതത്തിൻ്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ കലാകാരിക്ക് അവസരം നിഷേധിക്കരുതെന്നും നിലപാട് തിരുത്തണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി രമേശ് കൂട്ടാല പറഞ്ഞു. വിശ്വാസികളായ അഹിന്ദുക്കൾക്കും ക്ഷേത്രങ്ങളിൽ പ്രവേശിക്കാനുള്ള അവസരം നൽകുകയാണ് വേണ്ടതെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ഹിന്ദു ഐക്യവേദി നിവേദനം നൽകി. മലപ്പുറം വള്ളുവമ്പ്രം സ്വദേശിനിയാണ് മൻസിയ. മദ്രാസ് സർവകലാശാലയിൽ നിന്നും എം.എ ഭരതനാട്യം ഒന്നാം റാങ്കോടെയാണ് പാസായത്.
