ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് താൻ തന്നെയാണെന്ന് ദിലീപ്


നടിയെ ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിൽ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് താൻ തന്നെയാണെന്ന് ദിലീപ് അന്വേഷണസംഘത്തിന് മൊഴി നൽകി. ശബ്‌ദസാമ്പിളുകളിൽ രണ്ടെണ്ണം മാത്രമാണ് തന്റേതെന്നും ദിലീപ് പറഞ്ഞു. സംവിധായകൻ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തിയാണ് ദിലീപിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തത്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അറിയില്ലെന്നും നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യം കണ്ടിട്ടില്ലെന്നുമുള്ള മൊഴിയെ തുടർന്നാണ് ദിലീപിനെ ബാലചന്ദ്രകുമാറിനൊപ്പമിരുത്തി ചോദ്യം ചെയ്തത്.

രണ്ട് ദിവസമായി 16.5 മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. അടുത്തമാസം 16ന് തുടരന്വേഷണ റിപ്പോർട്ട് നൽകുന്നതിന് മുമ്പ് ദിലീപിനെ വീണ്ടും വിളിപ്പിച്ചേക്കും. അതേസമയം കേസുമായി ബന്ധപ്പെട്ട്  കാവ്യാമാധവനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. എട്ടാംപ്രതി ദിലീപിനെ രണ്ട് ദിവസം തുടർച്ചയായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിാണ് കാവ്യയെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ കാവ്യാമാധവനും ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ആലപ്പുഴ സ്വദേശി സാഗർ വിൻസന്റ് മൊഴി മാറ്റിയതിന് പിന്നിൽ കാവ്യയ്ക്ക് പങ്കുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗർ. നടിയെ അക്രമിച്ച കേസിലെ നാലാം പ്രതി വിജീഷ് സംഭവത്തിന് ശേഷം സ്ഥാപനത്തിലെത്തി ദിലീപോ കാവ്യയോ മറ്റു ബന്ധുക്കളോ അവിടെയുണ്ടോയെന്ന് അന്വേഷിച്ചെന്നും ആരുമില്ലെന്ന് പറഞ്ഞപ്പോൾ തിരിച്ചു പോയെന്നും സാഗർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയപ്പോൾ ഇക്കാര്യം പറഞ്ഞില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാക്ഷിയെ സ്വാധീനിച്ചതായി കണ്ടെത്തിയത്.

You might also like

  • Straight Forward

Most Viewed