പുട്ട് കുടുംബബന്ധം തകർക്കും: പുട്ടു പൊടി കന്പനികളുടെ പരസ്യത്തിൽ അഭിനയിക്കാൻ വിസമ്മതിച്ച് മൂന്നാം ക്ലാസുകാരൻ


പുട്ട് കുടുംബബന്ധം തകർ‍ക്കുന്ന ഭക്ഷണമാണെന്ന് പരീക്ഷയ്ക്ക് ഉത്തരമെഴുതി സാമൂഹ്യമാധ്യമങ്ങളിൽ‍ വൈറലായ മൂന്നാം ക്ലാസുകാരനെ തേടി കേരളത്തിലെ പുട്ടുപൊടി കമ്പനികൾ‍. സംസ്ഥാനത്തെ പ്രധാനപ്പെട്ട ആറ് ബ്രാൻഡഡ് പുട്ട് നിർ‍മാണ സ്ഥാപനങ്ങളാണ് തങ്ങളുടെ മോഡലാകാൻവേണ്ടി ബംഗളൂരു എസ്എഫ്എസ് അക്കാദമിയിലെ വിദ്യാർ‍ഥി ജെയിസ് ജോസഫിനെ സമീപിച്ചത്. എന്നാൽ‍, പുട്ടിനെതിരായ നിലപാടിൽ‍ ഉറച്ചുനിന്ന ജെയിസ് ഈ കമ്പനികളുടെ ഓഫറുകളെല്ലാം നിരസിച്ചു. ബംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റിയിൽ‍ ജെയിസ് താമസിക്കുന്ന അപ്പാർ‍ട്ട്മെന്‍റിലും അഭ്യർ‍ഥനയുമായി കേരളത്തിലെ പുട്ടുപൊടി കമ്പനി പ്രതിനിധികൾ‍ എത്തി. 

കോഴിക്കോട് മുക്കം മാമ്പറ്റ തേക്കനാൽ‍ സോജി ജോസഫിന്‍റെയും ദിയയുടെയും മകനാണ് ജെയിസ് ജോസഫ്. മാതാപിതാക്കൾ‍ ബംഗളൂരുവിൽ‍ ഐടി എൻജിനിയർ‍മാരാണ്. മിഷനറീസ് ഓഫ് സെന്‍റ്. ഫ്രാന്‍സിസ് ഡി സെലസിന്‍റെ കീഴിലുള്ളതാണ് എസ്എഫ്എസ് അക്കാദമി. വാർ‍ഷിക പരീക്ഷയ്ക്കു മുന്നോടിയായി നടത്തിയ മൂന്നാം ക്ലാസ് മോഡൽ‍ പരീക്ഷയിൽ‍ ഇംഗ്ലീഷ് പേപ്പറിന്‍റെ ഒരു ചോദ്യം ഇഷ്ടമില്ലാത്ത ഭക്ഷണത്തെക്കുറിച്ച് എഴുതാനായിരുന്നു. മാതാപിതാക്കൾ‍ക്കു ജോലിക്കുപോകേണ്ടതിനാൽ‍ മിക്ക ദിവസവും ജെയിസിന്‍റെ വീട്ടിൽ‍ പുട്ടും പഴവുമായിരുന്നു പ്രഭാതഭക്ഷണം. മാമ്പറ്റയിലെ പറമ്പിൽ‍ ധാരാളം പഴങ്ങളുള്ളതിനാൽ‍ ബംഗളൂരുവിലേക്കു പോകുമ്പേൾ‍ പഴങ്ങൾ‍ കൊണ്ടുപോകുന്നത് പതിവാണ്. രണ്ടര വർ‍ഷത്തെ കോവിഡ്കാല വർ‍ക്ക്അറ്റ് ഹോം ജീവിതത്തിനുശേഷം കഴിഞ്ഞ ദിവസം തിരിച്ചുപോയപ്പോഴും സോജിയും കുടുംബവും വാഴക്കുലകൾ‍ കരുതിയിരുന്നു. 

പരീക്ഷ നടന്ന ദിവസം രാവിലെയും ജെയിസിന് പുട്ടും പഴവുമാണ് പ്രഭാതഭക്ഷണമായി നൽ‍കിയത്. നോൺ‍വെജ് ഇഷ്ടപ്പെടുന്ന ജെയിസ് പുട്ടിന്‍റെ പേരിൽ‍ അമ്മയുമായി മിക്ക ദിവസവും വഴക്കു പതിവാണ്. ഉത്തരപേപ്പറിൽ‍ തന്‍റെ അനുഭവമാണ് കുട്ടി പകർ‍ത്തിയത്. പുട്ട് ഉണ്ടാക്കി അഞ്ചുമിനിട്ട് കഴിയുമ്പോൾ‍ പാറപോലെയാകുമെന്നും തനിക്ക് പുട്ട് ഇഷ്ടമല്ലെന്നും ജെയിസ് ഉത്തരക്കടലാസിൽ‍ എഴുതി. വേറെ ഭക്ഷണം ചോദിച്ചാൽ‍ അമ്മ തരില്ല. അപ്പോൾ‍ താൻ കരയും. വഴക്കുണ്ടാകും. പുട്ട് കുടുംബബന്ധത്തെ തകർ‍ക്കുന്ന ഭക്ഷണമാണെന്നായിരുന്നു ജെയിസിന്‍റെ വിലയിരുത്തൽ‍. 

മൂന്നാം ക്ലാസിലെ ഇംഗ്ലീഷ് അധ്യാപിക ഷീബ റിച്ചാർ‍ഡ് അസാധാരണ നിരീക്ഷണമുള്ള ഈ ഉത്തരക്കടലാസ് ഇൻ‍സ്റ്റാഗ്രാമിൽ‍ പോസ്റ്റ് ചെയ്തു. ഇതു ഒരു മാധ്യമ പ്രവർ‍ത്തകൻ ഷെയർ‍ ചെയ്യുകയും നടൻ ഉണ്ണിമുകുന്ദൻ അത് ഏറ്റെടുക്കുകയും ചെയ്തു. 62,000 പേരാണ് ഉണ്ണിമുകുന്ദന്‍റെ ട്വിറ്ററിൽ‍ ഈ പോസ്റ്റ് ലൈക്ക് ചെയ്തത്. ഉണ്ണിമുകുന്ദൻ വീട്ടിൽ‍ചെന്ന് ജെയിസിനെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ‍ അതിവേഗം ജെയിന്‍റെ ഉത്തരപേപ്പർ‍ വൈറലായി. ഓസ്‌ട്രേലിയ, യുകെ, ജർ‍മനി, യുഎസ്എ, ഗൾ‍ഫ് തുടങ്ങിയ രാജ്യങ്ങളിൽ‍ നിന്ന് ആളുകൾ‍ ജെയിസിനെ വിളിച്ച് അഭിനന്ദിച്ചതായി അച്ഛൻ സോജി ജോസഫ് പറഞ്ഞു. സ്‌കൂളിലെ താരമായി ജെയിസ് മാറിക്കഴിഞ്ഞു. ചോദ്യപേപ്പർ‍ പരമ്പരാഗത രീതിയിലല്ലെന്നും വിദ്യാർ‍ഥികളിലേക്ക് എളുപ്പത്തിൽ‍ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഈ സംഭവം തെളിയിച്ചതിനാൽ‍ സ്‌കൂൾ‍ അധികൃതരും സന്തോഷത്തിലാണ്. 

പുട്ടിനെതിരായ ജെയിസിന്‍റെ കുറിപ്പ് പുട്ട് വ്യാപാരത്തെ ബാധിച്ചതായാണ് പുട്ട് നിർ‍മാണ കമ്പനികളുടെ പരാതി. അതുകൊണ്ടാണ് പുട്ട് നിർ‍മാണ കമ്പനികളുടെ മോഡലാകാനുള്ള അഭ്യർ‍ഥനയുമായി കമ്പനികൾ‍ എത്തിയത്. ഒരു പുട്ട് കമ്പനി പരസ്യം ഷൂട്ട് ചെയ്യാനുള്ള കാമറ ടീമുമായാണ് ബംഗളൂരുവിൽ‍ അപ്പാർ‍ട്ട്‌മെന്‍റിൽ‍ എത്തിയത്. തങ്ങളുടെ പുട്ട് സോഫ്റ്റ് ആണെന്നും എല്ലാവരും ഇഷ്ടപ്പെടുന്നതാണെന്നും പറയാനായിരുന്നു ഒരു ബ്രാൻഡഡ് പുട്ട് കമ്പനിയുടെ അഭ്യർ‍ഥന. ഏതായാലും പുട്ട് തന്‍റെ ശത്രുവാണെന്ന നിലപാടിൽ‍ ഉറച്ചുനിൽ‍ക്കുകയാണ് ജെയിസ്. അതുകൊണ്ടുതന്നെ പുട്ട് കമ്പനികൾ‍ക്കു നിരാശരായി മടങ്ങേണ്ടിവന്നു. സോജി ജോസഫിന്‍റെ അച്ഛൻ ജോസഫ് തൊടുപുഴയിൽ‍ നിന്നും അമ്മ മേരി പാലായിൽ‍ നിന്നും ജോലി ആവശ്യാർ‍ഥം മാമ്പറ്റയിലേക്കു കുടിയേറിയവരാണ്. ജോസഫ് കക്കാടംപൊയിൽ‍ സ്‌കൂളിൽ‍നിന്നും മേരി മണാശ്ശേരി സ്‌കൂളിൽ‍നിന്നുമാണ് റിട്ടയർ‍ ചെയ്തത്.സോജിയുടെ സഹോദരി സിസ്റ്റർ‍ ഡോ. രമ്യ ജോസ് താമരശേരി ചാവറ ഹോസ്പിറ്റലിൽ‍ ഫിസിഷ്യനാണ്. ഏഴാം ക്ലാസിൽ‍ പഠിക്കുന്ന ലിസ് മരിയയും നഴ്‌സറി വിദ്യാർ‍ഥിയായ ക്രിസുമാണ് ജെയിസിന്‍റെ സഹോദരങ്ങൾ‍. മകന്‍റെ ഉത്തരക്കടലാസ് വൈറലായതിൽ‍ അഭിമാനം കൊള്ളുകയാണ് സോജി ജോസഫ്.

You might also like

  • Straight Forward

Most Viewed