നടി ആക്രമിക്കപ്പെട്ട സംഭവം: അന്വേഷണം ദിലീപിന്റെ മുൻ നായികയിലേക്ക്
നടിയെ ആക്രമിച്ച കേസിൽ അന്വേഷണം ദിലീപിന്റെ മുൻ നായികയിലേക്ക്. ദിലീപിന്റെ അടുത്ത സുഹൃത്തായ സിനിമാ നടിയെ ഉടനെചോദ്യം ചെയ്യും. ഇതോടൊപ്പം കേസിൽ സീരിയൽ താരമായ പ്രവാസി സംരഭകയുടെ പങ്കും അന്വേഷിക്കും. കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ നടിമാർ ഇടപെട്ടതായാണ് സൂചന. നിലവിൽ ദുബൈയിൽ സ്ഥിര താമസമാക്കിയ നടി ഇപ്പോൾ ഇടവേളയ്ക്ക് ശേഷം സിനിമയിൽ തിരിച്ചു വരാനൊരുങ്ങുകയാണ്. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി കേരളത്തിലുണ്ട്.
ദിലീപിന്റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ഇവയിൽ പ്രധാനമായും 12 പേരുടെ ചാറ്റുകളാണ് ദിലീപ് മായച്ചു കളഞ്ഞത്. ഇവയിൽ ദിലീപിന്റെ മുൻ നായികയുടേതും സീരിയൽ നടിയായ സംരഭകയുടേയും ചാറ്റുകളാണ് സംശസാദ്പദമായി കണ്ടെത്തിയിരിക്കുന്നത്.
സ്വകാര്യ സംഭാഷണങ്ങൾക്ക് പുറമെ ഈ രണ്ടു നടിമാരുമായും ദിലീപ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങളും സംസാരിച്ചിരുന്നെന്നാണ് അന്വേഷണ സംഘം അനുമാനിക്കുന്നത്. ദിലീപിന്റെ നിർദ്ദേശ പ്രകാരം ഈ ചാറ്റുകൾ നശിപ്പിച്ചെന്ന് സൈബർ വിദഗ്ധൻ സായ് ശങ്കർ പൊലീസിന് നൽകിയ പ്രാഥമിക മൊഴിയിലുണ്ട്. ഫോണുകളിലെ ചാറ്റുകൾ അന്വേഷണം സംഘം റിട്രീവ് ചെയ്തപ്പോളാണ് ഈ വിവരങ്ങൾ ലഭ്യമായി. ഇരുവരെയും ഉടൻ തന്നെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.

