ചികിത്സയ്ക്കും വിദേശപര്യടനത്തിനും ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

ചികിത്സയ്ക്കും വിദേശപര്യടനത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിൽ തിരിച്ചെത്തി.ചികിത്സയ്ക്കായി കഴിഞ്ഞ മാസം 15നാണ് പിണറായി അമേരിക്കയിലേക്കു പോയത്. ചികിത്സയ്ക്കു ശേഷം 29 ന് മുഖ്യമന്ത്രി യുഎഇയിൽ എത്തിയിരുന്നു. അമേരിക്കയിലെ ചികിത്സയ്ക്കു ശേഷം നാട്ടിലേക്കുള്ള യാത്രയിൽ മാറ്റംവരുത്തിയാണ് മുഖ്യമന്ത്രി ജനുവരി 29 ന് ദുബായിലെത്തിയത്. എട്ടു ദിവസത്തെ സ ന്ദർശനത്തിൽ മുഖ്യമന്ത്രി യുഎഇയിലെ ഭരണാധികാരികളുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ വൈകുന്നേരം നോർക്ക റൂട്സിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പങ്കെടുത്ത ശേഷം രാത്രിയുള്ള വിമാനത്തിലാണ് മുഖ്യ മന്ത്രി കേരളത്തിലേക്കു തിരിച്ചത്. രണ്ടാം തവണ അധികാരമേറ്റശേഷം ആദ്യമായാണ് അദ്ദേഹം യുഎഇ സന്ദർശനത്തിനായി പോയത്. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ മാസം 14 ന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിക്കുമ്പോഴുള്ള രാഷ്ട്രീയ സാഹചര്യമല്ല തിരിച്ചെത്തുമ്പോള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഒരിടവേളക്ക് ശേഷം സ്വര്‍ണക്കടത്ത് കേസ് വീണ്ടും സജീവ ചര്‍ച്ചയായിരിക്കെയാണ് മുഖ്യമന്ത്രിയുടെ വരവ്.എം ശിവശങ്കറിന്റെ ആത്മകഥയും സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലും തീര്‍ത്തിരിക്കുന്ന പ്രതിസന്ധി മറികടക്കുകയാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി.